ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ സിനിമാ ലൊക്കേഷനുകൾ സലിം കുമാറിന് വെറും തൊഴിലിടങ്ങളായിരുന്നില്ല, മറിച്ച് സൗഹൃദങ്ങളുടെ കൂടി ഇടമായിരുന്നു. അത്തരത്തിൽ ദൃഢമായ സൗഹൃദമുണ്ടായിരുന്ന വാണിയംകുളം മനിശ്ശേരി സ്വദേശിയായ വേലപ്പനുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.
ഷൊർണൂരിൽ ചിത്രീകരണം പൂർത്തിയാക്കി എറണാകുളത്തേക്ക് മടങ്ങുന്ന വേളയിൽ, “എടാ ഞാൻ വീണ്ടും വരും. ഇവിടെ എത്തിയാൽ നിന്നെ വിളിക്കും.
പേടിക്കണ്ട, ഞാൻകൂടെയുണ്ടല്ലോ” എന്ന് പറഞ്ഞ് പുറത്തുതട്ടി യാത്ര പറഞ്ഞതാണ് സലിം കുമാർ വേലപ്പനോട് നടത്തിയ അവസാന കൂടിക്കാഴ്ച. കാര്യസ്ഥൻ സിനിമയുടെ ചിത്രീകരണത്തിനായി വരിക്കാശേരി മനയിൽ എത്തിയപ്പോഴെല്ലാം സലിം കുമാറിന്റെ സ്ഥിരം സങ്കേതമായിരുന്നു വാണിയംകുളത്തെ വേലപ്പന്റെ ചായക്കട.
തിരക്കുകൾക്കിടയിലും ഇടവേളകൾ ലഭിക്കുമ്പോൾ അംബാസഡർ കാറിൽ ഇരുവരും ചേർന്ന് ഈ ചായക്കടയിൽ എത്തുക പതിവായിരുന്നു. കടയിലെ മരബഞ്ചിലിരുന്ന് ചായയും പരിപ്പുവടയും കഴിച്ച് പങ്കുവെച്ച തമാശകൾ ഇന്നും വേലപ്പന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
പാലക്കാട് ജില്ലയിലെ ഏത് ഭാഗത്ത് ഷൂട്ടിങ് നടന്നാലും സലിം കുമാർ വേലപ്പനെ വിളിക്കുകയും ചായ കുടിക്കാനായി സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം, അച്ഛനുറങ്ങാത്ത വീട്, ചതിക്കാത്ത ചന്തു, മീശമാധവൻ, കല്യാണരാമൻ തുടങ്ങി ഷൊർണൂർ, ഒറ്റപ്പാലം പരിസരങ്ങളിൽ ചിത്രീകരിച്ച പതിമൂന്നിലധികം സിനിമകളുടെ ഓർമകൾ സലിം കുമാറുമായി ചേർന്നുനിൽക്കുന്നു.
കൂടാതെ, ആറിലധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. സിനിമയിലെ അഭിനയത്തിനപ്പുറം ജീവിതത്തിലും മനുഷ്യസ്നേഹിയായിരുന്ന സലിം കുമാർ തന്റെ ഹൃദയത്തിൽ എന്നും ജീവിക്കുമെന്ന് വിതുമ്പലോടെ വേലപ്പൻ ഓർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

