വിഴിഞ്ഞം തുറമുഖം വികസനത്തിൽ ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) നിർണ്ണായക പങ്കാളിയാകുന്നു. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡിന് കീഴിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) 49 ശതമാനം ഓഹരികളാണ് എംഎസ്സി സ്വന്തമാക്കുന്നത്.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, എവിപിപിഎല്ലിന്റെ മൂല്യം 285 കോടി ഡോളറായി (ഏകദേശം 27,000 കോടി രൂപ) കണക്കാക്കിയാണ് 139.7 കോടി ഡോളറിന് (ഏകദേശം 13,270 കോടി രൂപ) ഇടപാട് ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്.
എംഎസ്സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) ആണ് ഓഹരികൾ ഏറ്റെടുക്കുന്നത്. വിപുലീകരണവും ലക്ഷ്യങ്ങളും
നിലവിൽ വിഴിഞ്ഞം തുറമുഖത്ത് രണ്ടാംഘട്ട
വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ 16 ലക്ഷം ടിഇയു കണ്ടെയ്നർ ശേഷി, 2028 ഡിസംബറോടെ പൂർത്തിയാകുന്ന വികസനത്തോടെ 57 ലക്ഷം ടിഇയു ആയി ഉയർത്താനാണ് പദ്ധതിയിടുന്നത്.
ഇന്ത്യയിലെ മുന്ദ്ര, എന്നോർ തുറമുഖങ്ങൾക്ക് ശേഷം അദാനിയും എംഎസ്സിയും തമ്മിലുള്ള മൂന്നാമത്തെ വലിയ സംയുക്ത സംരംഭമാണിത്. തുറമുഖത്തിന്റെ സവിശേഷതകൾ
രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണിത്.
18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തെ വലിയ കണ്ടെയ്നർ കപ്പലുകളെയും ഇവിടെ സ്വീകരിക്കാനാകും. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 13 ലക്ഷം ടിഇയു കണ്ടെയ്നറുകളും 615 കപ്പലുകളും ഇവിടെ കൈകാര്യം ചെയ്തു.
പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയു കണ്ടെയ്നറുകളും 950 കപ്പലുകളും കൈകാര്യം ചെയ്തത് ശ്രദ്ധേയ നേട്ടമാണ്. ഈ മാസം 1000-ാമത്തെ കപ്പൽ തുറമുഖത്തെത്തി.
ഇതുവരെ 70 അൾട്രാ ലാർജ് കണ്ടെയ്നർ വെസ്സലുകളെയും തുറമുഖം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം
അദാനി പോർട്സ് സിഇഒയും മുഴുവൻ-സമയ ഡയറക്ടറുമായ അശ്വനി ഗുപ്ത പറയുന്നതനുസരിച്ച്, ഈ സഹകരണം വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം ഗണ്യമായി വർദ്ധിപ്പിക്കും.
“കിഴക്കൻ ആഫ്രിക്കയിലേക്ക് വിഴിഞ്ഞത്തു നിന്നുള്ള കണ്ടക്റ്റിവിറ്റി കൂട്ടാനും സ്ഥിരം കാർഗോകളെ കണ്ടെത്താനും സഹകരണം സഹായിക്കുമെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി നീങ്ങുന്ന ചരക്കുകളും ബംഗ്ലാദേശിൽ നിന്നുള്ള ചരക്കുകളും വിഴിഞ്ഞം വഴി ആകർഷിക്കാൻ സാധിക്കും.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലേറെ കണ്ടെയ്നർ ടെർമിനലുകൾ നിയന്ത്രിക്കുന്ന ടിഐഎൽ, പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്. വിഴിഞ്ഞത്തിന്റെ പ്രവർത്തനം സജീവമാകുന്നതോടെ സംസ്ഥാന സർക്കാരിന് നികുതിയിനത്തിലും ലാഭവിഹിതമായും വലിയ വരുമാനം ലഭിക്കുമെന്നും പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

