ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടൻ സലിംകുമാറിന് ജന്മനാടായ പറവൂരിൽ ഔദ്യോഗിക സ്വീകരണം ലഭിക്കുന്നതിന് മുൻപേ, കലയുടെ നാടായ ചാലക്കുടിയിൽ വമ്പിച്ച സ്വീകരണം ലഭിച്ചിരുന്നു. ഉറ്റസുഹൃത്തായിരുന്ന കലാഭവൻ മണി മുൻകൈ എടുത്താണ് ഈ പരിപാടി സംഘടിപ്പിച്ചത്.
2011-ൽ ‘ചാലക്കുടിക്കൊരു പീലിക്കുട’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദേശീയ പുരസ്കാര ജേതാവായ സലിംകുമാറിന് മണി ആദരവ് ഒരുക്കിയത്. ചാലക്കുടി ടൗൺ ഹാൾ മൈതാനിയിൽ വെച്ച് നടന്ന പരിപാടി, താരസംഘടനയായ ‘അമ്മ’യുടെ അന്നത്തെ പ്രസിഡന്റ് ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അന്നത്തെ എംഎൽഎ ബി.ഡി.ദേവസി, നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭാ ഉപാധ്യക്ഷ മേരി നളൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ആർഎൽവി രാമകൃഷ്ണന്റെ നൃത്തം, കലാഭവൻ മണിയുടെ നാടൻപാട്ട്, ഗാനമേള തുടങ്ങിയ പരിപാടികൾ വേദിയിൽ ആഘോഷമായി മാറി.
പരിപാടിയുടെ സംഘാടക സമിതി അംഗങ്ങളായ സി.എസ്.സുരേഷ്, ജോഷി പുത്തിരിക്കൽ, വിത്സൻ കല്ലൻ എന്നിവർ അറിയിച്ചതനുസരിച്ച്, ആയിരക്കണക്കിന് ആളുകളാണ് സലിംകുമാറിനെ കാണാൻ തടിച്ചുകൂടിയത്. തന്റെ സഹോദരതുല്യനായ മണിയുടെ നാട്ടിൽ നിന്ന് ലഭിച്ച ഈ ആദരം വലിയൊരു അംഗീകാരമാണെന്ന് സലിംകുമാർ അന്ന് പങ്കുവെച്ചിരുന്നു.
സലിംകുമാറിനെ കലാഭവനിലെത്തിച്ച സൗഹൃദം മിമിക്രി വേദിയിൽ തിളങ്ങിനിന്ന സലിംകുമാറിനെ കൊച്ചിൻ കലാഭവനിലേക്ക് പരിചയപ്പെടുത്തിയത് ചാലക്കുടിക്കാരനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ ജയൻ ആണ്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്നതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം.
1988-ൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ഫൺസ് കേരള’ എന്ന മിമിക്രി ട്രൂപ്പിൽ കലാകാരനായിരുന്നു ജയൻ. ഒരു പരിപാടിക്കിടെ സലിംകുമാറിനെ പരിചയപ്പെട്ട
ജയൻ, അദ്ദേഹത്തിന്റെ മിമിക്രിയിലെ മികവ് കണ്ട് അമ്പരന്നു. തുടർന്ന് സലിംകുമാർ അന്ന് നയിച്ചിരുന്ന ‘ആലുവ ശാരിക’ എന്ന സമിതിയിലേക്ക് ജയനെ ക്ഷണിച്ചു.
പിന്നീട് ജയൻ കൊച്ചിൻ കലാഭവനിൽ അംഗമായി. അവിടെ സലിംകുമാറിന്റെ മിമിക്രിയിലെ കഴിവുകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട
ജയൻ, അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്ന് വെളിപ്പെടുത്തി. തുടർന്ന് കലാഭവനിലെ പ്രസാദ്, സലിംകുമാറിനെ കലാഭവനിലേക്ക് കൊണ്ടുവരാൻ ജയനെ ചുമതലപ്പെടുത്തി.
പറവൂർ ചിറ്റാട്ടുകരയിലെ വീട്ടിലെത്തി ജയൻ നൽകിയ ക്ഷണമാണ് സലിംകുമാറിനെ കലാഭവനിലെത്തിച്ചത്. അവിടെ വലിയ താരമായി മാറിയപ്പോഴും പഴയ സൗഹൃദങ്ങൾ അദ്ദേഹം മറന്നില്ലെന്നും, തന്റെ വിവാഹമുൾപ്പെടെയുള്ള വിശേഷങ്ങളിൽ അദ്ദേഹം പങ്കുചേരാറുണ്ടായിരുന്നുവെന്നും കലാഭവൻ ജയൻ ഓർമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

