സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധന. 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്.
ഇതോടെ കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 949 രൂപയായി നിരക്ക് ഉയർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടർ നിരക്ക് വർധിപ്പിക്കുന്നത്. നേരത്തെ മാർച്ച് 7-ന് 60 രൂപ വർധിപ്പിച്ചിരുന്നു.
ഈ വർഷം ഇതുവരെ മാത്രം ഗാർഹിക സിലിണ്ടറിന് 89 രൂപയാണ് വർധിച്ചത്. 2023 ജൂണിൽ 860 രൂപയായിരുന്ന നിരക്കാണ് ഇപ്പോൾ 950 രൂപയോളമായി ഉയർന്നിരിക്കുന്നത്.
അതേസമയം, ഈ വർഷം ഇരട്ടിയോളം വർധിച്ച വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) നിരക്കിൽ ഇത്തവണ മാറ്റമില്ല. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 3131 രൂപയാണ് നിലവിലെ വില.
കഴിഞ്ഞ വർഷം ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ചപ്പോൾ, 2024-ൽ 100 രൂപ കുറയുകയുണ്ടായി. 2023 മാർച്ച് 1 മുതൽ ഓഗസ്റ്റ് 29 വരെ 1110 രൂപയായിരുന്നു ഗാർഹിക സിലിണ്ടറിന്റെ ഏറ്റവും ഉയർന്ന നിരക്ക്.
വിലക്കയറ്റത്തിന് പുറമേ വിതരണത്തിലെ കർശന നിയന്ത്രണങ്ങളും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും പിന്നിട്ടാൽ മാത്രമേ പുതിയ സിലിണ്ടറിനായി ബുക്കിംഗ് നടത്താൻ സാധിക്കൂ.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിനെത്തുടർന്ന് വാണിജ്യ സിലിണ്ടറിന് 1544 രൂപ വരെ വർധിപ്പിച്ചെങ്കിലും, ഗാർഹിക സിലിണ്ടറുകളിൽ സമാനമായ തോതിലുള്ള വർധനയുണ്ടാകാത്തത് മാത്രമാണ് നിലവിലെ ഏക ആശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

