ദേശീയപാത ബൈപാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങൾ ആശങ്കയുണർത്തുന്നു. ടോൾ തുക നൽകാതെ കടന്നുപോകാൻ ശ്രമിക്കുന്ന വാഹനങ്ങളെ തടയുന്നതാണ് മിക്ക സംഘർഷങ്ങൾക്കും കാരണമാകുന്നത്.
അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ടോൾ പ്ലാസ മാനേജരായ കെ.വി.റാഫി ചോദിക്കുന്നത് ഇങ്ങനെയാണ്, “ഞങ്ങളും മനുഷ്യരല്ലേ? എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്?”
തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ
ടോൾ പ്ലാസയിലെ ജീവനക്കാരനായ ജിതേഷിനെ ശനിയാഴ്ച കാറിടിച്ചു പരുക്കേൽപ്പിച്ച സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കഴിഞ്ഞ മാർച്ചിൽ ടോൾ നൽകാതെ പോകാൻ ശ്രമിച്ച കാർ മൊബൈലിൽ പകർത്തുന്നതിനിടെ മറ്റൊരു ജീവനക്കാരന് മർദനമേൽക്കുകയും കയ്യൊടിയുകയും ചെയ്തിരുന്നു.
സമാനമായ രീതിയിൽ ടോൾ പ്ലാസയിലെ സ്വകാര്യ ബസ് ജീവനക്കാരനെ കോണിപ്പടിക്ക് ഇടയിൽ ഞെരുക്കി പരുക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പല്ല് നഷ്ടപ്പെട്ടവരും എല്ലുകൾക്ക് പൊട്ടലേറ്റവരുമായ നിരവധി ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അക്രമങ്ങൾ സഹിക്കവയ്യാതെ അഞ്ച് അതിഥിത്തൊഴിലാളികൾ ഇതിനകം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഭാവിയിലെ പഠനത്തെയും തൊഴിൽ സാധ്യതകളെയും ബാധിക്കുമെന്ന ഭയം മൂലമാണ് പരുക്കേറ്റ വിദ്യാർഥികളായ ഇവർ നിയമനടപടികൾക്ക് മുതിരാതെ മടങ്ങിയത്.
ഹൃദ്രോഗിയായ മാനേജരുടെ ദുരനുഭവം
ആൻജിയോപ്ലാസ്റ്റിയടക്കം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 48 വയസ്സുള്ള കെ.വി.റാഫി തനിക്കുണ്ടായ അനുഭവം വിവരിക്കുന്നു: “3 മാസം മുൻപൊരു രാത്രി. 8 മണി കഴിഞ്ഞു കാണണം.
നാലഞ്ചു കൗമാരപ്രായക്കാർ കാറുമായെത്തി. അവർ നന്നായി മദ്യപിച്ചിരുന്നു.
കൊയിലാണ്ടി സ്വദേശികളാണ്. ടോൾ അടയ്ക്കാതെ പോകാനുള്ള ശ്രമം തടഞ്ഞതോടെ വാക്കേറ്റമായി.
വനിതാ ജീവനക്കാർക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായി. തടയാൻ ചെന്ന എനിക്കും മർദനമേറ്റു.
തലയ്ക്ക് അടിയേറ്റു. നെഞ്ചിൽ ചവിട്ടു കൊണ്ടു.
എന്റെ ഷർട്ട് അവർ വലിച്ചു കീറി. ബ്ലോക്കിനെ തുടർന്നു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണു ഞാൻ.
അതൊന്നും പറഞ്ഞിട്ടും അവർ നിർത്തിയില്ല. മന്ത്രിയുടെ മരുമകനെന്നൊക്കെ പറഞ്ഞായിരുന്നു ആക്രമണം.
പൊലീസ് വിളിപ്പിച്ചപ്പോൾ, അവർ കാലിൽ വീണു കരഞ്ഞു. എനിക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു.
പഠിക്കാൻ വിദേശത്തു പോകേണ്ടയാൾ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. കേസ് ഒഴിവാക്കി.”
ദിവസേനയുള്ള പ്രതിസന്ധികൾ
പ്രതിദിനം ശരാശരി 25,000 വാഹനങ്ങളാണ് ഒളവണ്ണ ടോൾ പ്ലാസ വഴി കടന്നുപോകുന്നത്.
അവധി ദിവസങ്ങളിൽ ഇത് 40,000 ആയി ഉയരാറുണ്ട്. നിലവിൽ ദിവസേന 75 മുതൽ 100 വരെ വാഹനങ്ങൾ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
ടോൾ പിരിവ് ആരംഭിച്ച കാലയളവിൽ ഇത് 200 വരെയായിരുന്നുവെന്നും, ഇപ്പോൾ സ്ഥിതിയിൽ അല്പം കുറവ് വന്നിട്ടുണ്ടെന്നും ടോൾ പ്ലാസ മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

