കാനഡയിൽ വച്ച് കരിങ്കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവ മാർഷ്യൽ ആർട്സ് താരം കെ.
ഹൃഷികേശിന്റെ (27) സംസ്കാരം ഇന്ന് നടക്കും. മാവൂർ റോഡ് ജംക്ഷനു സമീപം കോലോത്ത് വീട്ടിൽ താമസിക്കുന്ന ഹൃഷികേശിന്റെ മൃതദേഹം കാനഡയിൽ നിന്ന് വിമാനമാർഗം പുലർച്ചയോടെ നെടുമ്പാശേരിയിൽ എത്തിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്കുശേഷം മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സംഭവം നടന്നത് ഇങ്ങനെ
മേയ് 8-ന് വടക്കൻ സസ്കാച്ചവനിലെ യുറേനിയം ഖനന മേഖലയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
വാൻകൂവർ ആസ്ഥാനമായുള്ള യുറേനിയം എക്സ് ഡിസ്കവറി കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പര്യവേക്ഷണ സൈറ്റിലേക്കുള്ള യാത്രയ്ക്കിടെ കരിങ്കരടിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
ആക്രമണത്തിൽ ഹൃഷികേശ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച കമ്പനി അധികൃതർ, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. “ഇത്രയും വേഗം ഹൃഷികേശ് പോയെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന്” യുറേനിയം എക്സ് സിഇഒ എസെൻ ബോൾഡ്ഖു പറഞ്ഞു.
നിലവിൽ ആക്രമണത്തെക്കുറിച്ചും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ചും അധികൃതർ അന്വേഷണം നടത്തിവരികയാണ്. കായിക രംഗത്തെ മികവ്
നാല് വർഷം മുൻപ് മുയ്തായ് ബോക്സിങ്ങിൽ സംസ്ഥാന ചാംപ്യനായിരുന്നു ഹൃഷികേശ്.
തുടർന്ന് മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ദേശീയ തലത്തിലും നേട്ടങ്ങൾ കൈവരിച്ചു. പ്ലസ് ടു പഠനത്തിന് ശേഷമാണ് പ്രഫഷനൽ ഫൈറ്റിങ് രംഗത്ത് സജീവമായത്.
നടക്കാവ് വണ്ടിപ്പേട്ടയിലുണ്ടായിരുന്ന സ്വാസ്തിക് ഫൈറ്റ് ക്ലബ്ബിൽ രഞ്ജിത് സ്വാസ്തികിന്റെ കീഴിലായിരുന്നു പരിശീലനം. “ചാംപ്യൻഷിപ് നേടുന്നതിനേക്കാൾ റെക്കോർഡുകൾക്കാണ് എംഎംഎയിൽ പ്രാധാന്യം.
നമ്മുടെ നാട്ടിൽ അവൻ നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊരംശം കാനഡയിൽ നടത്തിയാൽ ലോകമെങ്ങും ശ്രദ്ധിക്കപ്പെടും. അതുകൊണ്ടാണു അവനോടു കാനഡയിലേക്ക് പോകാൻ നിർദേശിച്ചത്.
എല്ലാ ഞായറാഴ്ചയും രാവിലെ കൃത്യം പത്തുമണിക്ക് ഹൃഷികേശ് വിളിക്കും. ഒരു മാസമായി ആ കോൾ ഇല്ല” എന്ന് രഞ്ജിത് സ്വാസ്തിക് ഓർക്കുന്നു.
യുഎഫ്സി സ്വപ്നം
പ്രശസ്തമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ (യുഎഫ്സി) മത്സരിക്കുകയെന്നതായിരുന്നു ഹൃഷികേശിന്റെ വലിയ ലക്ഷ്യം. മൂന്ന് വർഷം മുൻപാണ് സഹോദരൻ കെ.
അർജുനൊപ്പം കാനഡയിലേക്ക് താമസം മാറിയത്. “3 വർഷമായി കാനഡയിൽ അവൻ പരിശീലനം നടത്തിവരികയാണ്.
ഒട്ടേറെപ്പേർക്കു പരിശീലനം നൽകുന്നുമുണ്ടായിരുന്നു. ജൂണിൽ പരിശീലകനായി ജോലിക്കു കയറാനിരിക്കുകയായിരുന്നു.
ഇതിനിടെ ചെറിയൊരു പരുക്കേറ്റതിനാൽ കുറച്ച് വിശ്രമം വേണ്ടിവന്നു. ഈ ഇടവേളയിലാണ് അവൻ കരാർ ജോലിക്കു കയറിയത്” എന്ന് സഹോദരൻ അർജുൻ കൊലോത്ത് പറഞ്ഞു.
മാവൂർ റോഡ് ഹൈസൺ ഹോട്ടലിനു പിൻവശം കോലോത്ത് വീട്ടിൽ കെ. രതീഷിന്റെയും പി.
തുളസിയുടെയും മകനാണ് ഹൃഷികേശ്. അർജുൻ, ശ്രീശങ്കർ എന്നിവരാണ് സഹോദരങ്ങൾ.

