സർവീസിൽനിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളിയതായി റിപ്പോർട്ട്. വയനാട് ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയായ ഡി.കെ.
പൃഥ്വിരാജിന്റെ അപേക്ഷയാണ് സർക്കാർ നിരസിച്ചത്. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട
സേവനം ലഭിക്കുന്നതിന് ഉദ്യോഗസ്ഥൻ അവിടെത്തന്നെ തുടരേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സേനയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് അദ്ദേഹത്തെ വയനാട്ടിലേക്ക് നിയമിച്ചതെന്നും പ്രദേശവാസികൾക്ക് സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ മേയിൽ പുതിയ സർക്കാർ അധികാരമേറ്റെടുത്ത ഘട്ടത്തിലാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പിയായിരുന്ന ഡി.കെ. പൃഥ്വിരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്.
തുടർന്ന് വയനാട് ക്രൈംബ്രാഞ്ചിൽ ചുമതലയേറ്റെടുത്തുവെങ്കിലും ഈ ഉത്തരവിനെതിരെ ഉദ്യോഗസ്ഥൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തനിക്ക് വിരമിക്കാൻ ഏഴ് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും ആയതിനാൽ സ്വന്തം ജില്ലയിൽ പോസ്റ്റിങ് നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഈ വിഷയം പരിശോധിക്കാൻ ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ട്രൈബ്യൂണൽ ഉത്തരവുമായി ഉദ്യോഗസ്ഥൻ വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പ് അപേക്ഷ ഔദ്യോഗികമായി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്.
നേരത്തെ മുൻ സർക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശ്വസ്തരിലൊരാളായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഡി.കെ. പൃഥ്വിരാജ്.
പോലീസിലെ സംഘടനാ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിന്റെ ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതും ഗൂഢാലോചന കേസിൽ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

