പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച് അജ്ഞാതൻ നടത്തിയ നഗരസവാരി ആശങ്കയുണർത്തി. പാലക്കാട് – വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസാണ് മോഷണം പോയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ഡിപിഒ റോഡിൽ നിർത്തിയിട്ടിരുന്ന ബസുമായി കടന്നുകളഞ്ഞ മോഷ്ടാവ് മൂന്നര കിലോമീറ്ററോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ വാഹനം ഓടിച്ചു.
ശാദി മഹൽ റോഡ്, ഇംഗ്ലിഷ് ചർച്ച് റോഡ്, എൽഐസി ഓഫിസ് പരിസരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ബസ്, ഒടുവിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലൂടെ കടന്നുപോയി. തുടർന്ന് എസിഎം അബൂബക്കർ റോഡ് വഴി മഞ്ഞക്കുളം ബൈപാസിലേക്ക് എത്തിയ വാഹനം പുലർച്ചെ ആറുമണിയോടെയാണ് ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയത്. സ്റ്റാൻഡിന് പിന്നിലൂടെ അമിതവേഗത്തിൽ ബസ് പായുന്നത് ശ്രദ്ധയിൽപ്പെട്ട
കെഎസ്ആർടിസി ജീവനക്കാർ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കണ്ടെത്തിയത്.
പലയിടത്തും ഇടിച്ചതിനെത്തുടർന്ന് ബസിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. നിലവിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതും റോഡ് തകർന്നുകിടക്കുന്നതുമായ എസിഎം അബൂബക്കർ റോഡിലൂടെയാണ് ബസ് കടന്നുപോയത്.
നഗരത്തിലെ റോഡുകളെക്കുറിച്ചും ബസ് സ്റ്റാൻഡ് പരിസരത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ബസ് ഉപേക്ഷിച്ച സ്ഥലത്തിന് സമീപമുള്ള ഗ്രൗണ്ട് സ്വകാര്യ ബസുകൾ നിർത്തിയിടുന്ന ഇടമാണ്.
പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

