സംവിധായകൻ അഹമ്മദ് കബീർ ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പുതിയ ചിത്രമായ ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ചങ്ക് കട്ടോളേ..’ എന്ന് തുടങ്ങുന്ന പ്രണയഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ്.
ഗോവിന്ദ് വസന്തയും ലൈക ജമാലും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
നൊസ്റ്റാൾജിയയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു റോം-കോം ചിത്രമായാണ് ഇത് ഒരുങ്ങുന്നത്. ചിത്രത്തിൽ കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ, നായികയായെത്തുന്നത് പുതുമുഖം ലക്ഷ്മി ജ്യോതിഷാണ്.
കൂടാതെ കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി പ്രശസ്ത താരം ലാൽ വളരെ ശ്രദ്ധേയമായൊരു വേഷത്തിൽ എത്തുന്നുണ്ട്. മങ്കി ബിസിനസ് എന്ന ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്.
ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന റിലീസ് ‘ബത്ലഹേം കുടുംബയൂണിറ്റിൻ്റെ’ വൻ വിജയത്തിനു ശേഷമാണ് പുതിയ ചിത്രവുമായി എത്തുന്നത്. ‘ജൂൺ’, ‘മധുരം’ എന്നീ ചിത്രങ്ങൾക്കും ‘കേരള ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.
അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന പ്രത്യേകതയായ ദൃശ്യഭംഗി നിലനിർത്തിക്കൊണ്ട് ജിതിൻ സ്റ്റാനിസ്ലാവസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പൗലോസ് തേപ്പാല, വിനീത കോശി എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്.
ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

