മണ്ണുത്തി മുല്ലക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട ശേഷം വൻ കവർച്ച.
മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിന് എതിർവശത്ത് താമസിക്കുന്ന ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇന്നലെ പുലർച്ചെ 2 മണിക്കും 2.30 നും ഇടയിലാണ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറിയത്.
സംഭവത്തെക്കുറിച്ച് സോമശേഖരൻ നൽകിയ മൊഴി ഇങ്ങനെ: ‘കിടപ്പുമുറിയിൽ ഉറക്കത്തിനിടയിൽ ഒരാൾ വന്നു തട്ടിയുണർത്തിയ ശേഷം തലയണ വച്ച് അമർത്തി. കൈകൾ ബന്ധിക്കുകയും ചെയ്തു.
ബഹളം വച്ചപ്പോൾ വായിൽ തുണി തിരുകി. കഴുത്തിൽ ഉണ്ടായിരുന്ന 2 പവന്റെ മാലയും 4 ഗ്രാം വരുന്ന മോതിരവും അഴിച്ചെടുത്തു.
കെട്ടിയിട്ടശേഷം മുഖത്തും ശരീരത്തിലും മർദിച്ചു. അലമാരയിലെ ബാക്കിയുള്ള സ്വർണാഭരണങ്ങളും മോഷണം പോയെന്നും സോമശേഖരൻ പറഞ്ഞു.
മൊത്തം 46 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയുമാണ് നഷ്ടമായത്. സംഘത്തിലൊരാൾ തന്നെ മർദിച്ചതായും മറ്റു രണ്ടുപേർ വീട് മുഴുവൻ അരിച്ചുപെറുക്കി മോഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
മൂന്നുപേരും മുഖത്ത് തൂവാല കെട്ടിയിരുന്നുവെന്നും കയ്യിൽ ടോർച്ച് ഉണ്ടായിരുന്നുവെന്നും സോമശേഖരൻ കൂട്ടിച്ചേർത്തു. ഇവർ സംസാരിക്കുമ്പോൾ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം മൗനം പാലിക്കാൻ നിർദേശിക്കുകയായിരുന്നു.
സംഭവസമയത്ത് സോമശേഖരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ അടയ്ക്കാതിരുന്നതാണ് മോഷ്ടാക്കൾക്ക് സഹായകമായത്.
അക്രമികൾ മടങ്ങിയ ശേഷം കഷ്ടപ്പെട്ട് കെട്ടഴിച്ച സോമശേഖരൻ, സർവീസ് റോഡിലെത്തിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലാണ് കവർച്ച നടന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു.
മണ്ണുത്തി പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മണ്ണുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

