ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ചരിത്രസൃഷ്ടിക്ക് കളമൊരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിൽപ്പനയ്ക്കുള്ള പ്രാഥമിക പൊതുഓഹരി (ഐപിഒ) നടപടികൾക്ക് ഈ മാസം 21-ന് തുടക്കമായേക്കുമെന്ന് സൂചന.
മൊത്തത്തിൽ 37,700 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി വിപണിയിലേക്ക് എത്തുന്നത്. പരമ്പരാഗത ടെലികോം സേവനദാതാവ് എന്ന നിലയിൽ നിന്നും ആഗോളതലത്തിലുള്ള പ്രമുഖ ടെക് ഭീമൻ എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് ജിയോയുടെ ഈ വലിയ ചുവടുവെപ്പ്.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഈ മാസം 28-ന് കമ്പനിയുടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം. ആകെ 27 കോടി പുതിയ ഓഹരികളാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം റിലയൻസ് ഗ്രൂപ്പിൽ നിന്നും വിപണിയിലെത്തുന്ന ഐപിഒ എന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ വർഷം നടന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ 27,859 കോടി രൂപയുടെ റെക്കോർഡാണ് ജിയോയുടെ വരവോടെ വഴിമാറുന്നത്.
ഐപിഒയുടെ മൊത്തത്തിലുള്ള മൂല്യം കണക്കിലെടുക്കുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ജിയോ മാറും. നിലവിൽ മാതൃകമ്പനിയായ റിലയൻസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
എയർടെൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച്, ആറ് തലമുറ നെറ്റ്വർക്ക് സാങ്കേതികവിദ്യകൾ (5G, 6G), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, അത്യാധുനിക സോഫ്റ്റ്വെയർ വികസനം എന്നിവയിൽ വൻതോതിലുള്ള ഗവേഷണങ്ങളും വിപുലീകരണങ്ങളുമാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
പ്രവർത്തനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ജിയോ ഐപിഒ പ്രക്രിയകളിലേക്ക് കടക്കുന്നത്. ഇന്ത്യയിൽ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിച്ച് അവ ലോകവിപണിയിലേക്ക് എത്തിക്കുന്ന പ്രമുഖ ആഗോള കമ്പനിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ജിയോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

