കാഴ്ചാപരിമിതിയുള്ള യുവതിയെ ട്രെയിനിൽ വെച്ച് പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാധാപുരം തിസഗ്യവിള കീഴാവൂർ സ്വദേശി ലിംഗരാജ(46)യെയാണ് കാട്ടാക്കട
അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് ശിക്ഷിച്ചത്. 15 വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വിധിച്ച പിഴത്തുക പൂർണ്ണമായും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പിഴയൊടുക്കാൻ തയ്യാറായില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2021 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് വിവാഹാവശ്യത്തിനായി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.
യുവതിക്ക് കാഴ്ചയില്ലെന്ന് മനസ്സിലാക്കിയ പ്രതി, അവർ സഞ്ചരിച്ചിരുന്ന കോച്ചിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ആലുവ മുതൽ കൊല്ലം വരെയുള്ള യാത്രയ്ക്കിടയിലാണ് പ്രതി യുവതിയെ പീഡനത്തിനിരയാക്കിയത്.
യാത്രയ്ക്കുശേഷം തിരുവനന്തപുരത്തെത്തിയ ഉടൻ തന്നെ, മറ്റൊരു കോച്ചിലുണ്ടായിരുന്ന തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച് യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് റെയിൽവേ പൊലീസും തമ്പാനൂർ റെയിൽവേ പൊലീസും സംയുക്തമായി കേസെടുക്കുകയും പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദൃക്സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ ശക്തമായ സാഹചര്യതെളിവുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. അതിജീവിതയ്ക്ക് കാഴ്ചശക്തിയില്ലാതിരുന്നതിനാൽ, പ്രതിയുടെ ശബ്ദം കേൾപ്പിച്ചാണ് പോലീസ് തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ്, അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

