പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാത ദേശീയപാതയായി ഉയർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം നൽകി.
മന്ത്രിയെ നേരിൽ കണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് കത്ത് കൈമാറിയത്. തീർത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ഇഴചേർന്നുനിൽക്കുന്ന ഈ പാതയിലൂടെ പ്രതിവർഷം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സഞ്ചരിക്കുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവാണ് ഓരോ വർഷവും ഉണ്ടാകുന്നത്. ഈ സാഹചര്യം മുൻനിർത്തി തിരുവാഭരണ പാതയുടെ സമഗ്രമായ നവീകരണവും വികസനവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അബിൻ വർക്കി കോടിയാട്ട് എം.എൽ.എ മന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നത് വഴി റോഡിന്റെ വീതി വർദ്ധിപ്പിക്കാനും സുഗമമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും സാധിക്കും. അതോടൊപ്പം ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ നടപ്പിലാക്കാനും ഇത് വഴിയൊരുക്കും.
ശബരിമല തീർത്ഥാടനത്തിന്റെ പവിത്രതയും ദേശീയ പ്രാധാന്യവും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനായി സത്വര ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന കാര്യവും എംഎൽഎ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

