പാറശാല: വിഴിഞ്ഞം തുറമുഖത്തിന്റെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് (എംഎംഎൽപി) നിർമാണവുമായി ബന്ധപ്പെട്ട് കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങരയിൽ 51 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിൽ. ഫിഷറീസ് ആൻഡ് പോർട്ട് വകുപ്പ് മാർച്ച് 14ന് പുറത്തിറക്കിയ ഉത്തരവിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായത്.
കോട്ടുകാൽ, മാറനല്ലൂർ, അമരവിള എന്നീ പ്രദേശങ്ങളിലായി ആകെ 230 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് പ്രസ്തുത ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ഇതിൽ അമരവിളയിലെ ഭൂമി കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് (കോൺകോർ) മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കുന്നതിനായാണ് വകയിരുത്തിയിരിക്കുന്നത്.
ഉത്തരവിൽ അമരവിള എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും, തുടർന്ന് സെപ്റ്റംബർ 16ന് പുറത്തിറക്കിയ സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലെ സർവേ നമ്പറുകൾ പ്രകാരം തൊട്ടടുത്ത ഉദിയൻകുളങ്ങര ടൗൺ കേന്ദ്രീകരിച്ചുള്ള ഭൂമിയാണ് പദ്ധതിക്കായി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര, ദേവേശ്വരം വാർഡുകളിലെ 22 സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന 51.5 ഏക്കർ സ്ഥലമാണ് വിജ്ഞാപനപ്രകാരം ഏറ്റെടുക്കുന്നത്.
നൂറിലധികം വീടുകളും നിരവധി ആരാധനാലയങ്ങളും ഓഫിസുകളും ഉൾപ്പെടുന്നതും ജനസാന്ദ്രതയേറിയതുമായ ഉദിയൻകുളങ്ങരയും പരിസര പ്രദേശങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയാണ് കനത്ത പ്രതിഷേധത്തിന് കാരണം. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തത്തോടെ കർമസമിതി രൂപീകരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
ജനവാസ മേഖലകളിൽ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുനഃപരിശോധിക്കുമെന്നും തിങ്കളാഴ്ച തങ്ങളെ സന്ദർശിച്ച പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ സർക്കാർതലത്തിൽ ഇത്തരം ഉറപ്പുകൾ നൽകമ്പോഴും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ രഹസ്യമായി തുടരുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

