യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പുനഃപരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവായി. നടി ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടുവെന്നാണ് പ്രധാന ആരോപണം.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ പരാതി വീണ്ടും കേൾക്കണമെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദ്ദേശം നൽകി. പരാതിയിൽ കേസെടുക്കാനുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് വിലയിരുത്താനും തെളിവുകൾ പരിശോധിക്കാനുമാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ അൻസിബ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി, എതിർകക്ഷികളായ പാലാരിവട്ടം എസ്എച്ച്ഒ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിന് പിന്നിൽ ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുളള ഗൂഢാലോചനയുണ്ടെന്നാണ് അൻസിബയുടെ ആരോപണം.
താൻ മദ്യപാനിയാണെന്നും രാത്രി വൈകി മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും വരുത്തിതീർക്കുന്ന തരത്തിലുള്ള അശ്ലീലവും അപകീർത്തികരവുമായ കാര്യങ്ങൾ ലക്ഷ്മിപ്രിയ വീഡിയോയിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. യൂട്യൂബ് വഴിയുള്ള ഇത്തരം അപവാദപ്രചാരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് അൻസിബ ആദ്യം പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് അന്ന് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചത്.
ഈ ഉത്തരവ് റദ്ദാക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കേസെടുക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ പിന്നീട് ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

