തിരുവനന്തപുരത്ത് നാളെ ആരംഭിക്കുന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ച സംഭവത്തിൽ കർശന നടപടിയുമായി മേലധികാരികൾ. ഡിജിപിയാണ് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്.
വിവിധ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും തുക കണ്ടെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇക്കാര്യം എസ്പിമാരെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചില സബ് ഡിവിഷനുകളിൽ വ്യാപകമായി പണപ്പിരിവ് നടത്തുകയായിരുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ഇതിനായി ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്കുകൾ അവതരിപ്പിച്ചപ്പോഴാണ് ക്രഷർ, ഹോട്ടൽ, ബേക്കറി ഉടമകളിൽ നിന്നും പണം പിരിച്ചതായുള്ള വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിൽ, വ്യാപാരികളിൽ നിന്നും മറ്റും പിരിച്ചെടുത്ത തുക മുഴുവൻ എത്രയും പെട്ടെന്ന് തിരികെ നൽകാൻ ഡിജിപി കർശന നിർദ്ദേശം നൽകി. കായികമേളയുടെ നടത്തിപ്പിനായി പൊലീസിന്റെ സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് കായിക ആവശ്യങ്ങൾക്കായി തുക പിടിക്കുന്നുണ്ടെന്നും, കൂടാതെ പൊലീസ് സംഘടനകൾ നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സിഎസ്ആർ ഫണ്ട് ലഭ്യമാണെന്നിരിക്കെ ക്വാറി ഉടമകളിൽ ഉൾപ്പെടെയുള്ളവരിൽ നിന്ന് പണം പിരിച്ചതാണ് വിവാദത്തിനിടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

