പാലാ: തലച്ചോറിലെ അതീവ സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഈ അപൂർവ്വ നേട്ടത്തിലൂടെ പുതുജീവിതം ലഭിച്ചത്.
ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. എം.കെ.
സരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് രണ്ട് ഘട്ടങ്ങളിലായി ഈ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കിയത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ മുൻപ് രണ്ടുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും അതിവേഗം വളർന്ന സി.പി ആംഗിൾ ട്യൂമർ അഥവാ തലച്ചോറിന്റെ പിറകിൽ കേൾവിയുടെ നാഡിയിൽ വളർന്നുവന്ന വലിയ മുഴയാണ് മൂന്നാമത്തെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്തത്.
ട്യൂമർ തുടർച്ചയായി വളർന്നതിനെ തുടർന്ന് തലച്ചോറിൽ അമിതമായി ദ്രാവകം കെട്ടിക്കിടക്കുകയും, കഠിനമായ തലവേദന അനുഭവപ്പെടുകയും, നടക്കുമ്പോൾ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് യുവതി ഇവിടെ ചികിത്സ തേടിയെത്തിയത്. മുൻപ് രണ്ടുതവണ ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ളതിനാൽ വീണ്ടും ഓപ്പറേഷൻ നടത്തുക എന്നത് വലിയ അപകടസാധ്യതയുള്ളതായിരുന്നു.
ഇതുമനസ്സിലാക്കിയാണ് ഡോ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം രണ്ട് ഘട്ടങ്ങളിലായി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ തലച്ചോറിലെ അമിത സമ്മർദം കുറയ്ക്കുന്നതിനായി വി.പി ഷണ്ട് സർജറി വിജയകരമായി പൂർത്തിയാക്കി. തുടർന്ന് രണ്ടാം ഘട്ടത്തിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനങ്ങളുടെ സഹായത്തോടെ കൃത്യത ഉറപ്പാക്കുകയും, റിട്രോ മാസ്റ്റയ്ഡ് സബ് ഓക്സിപിറ്റൽ ക്രാനിയോട്ടമി വഴി അതീവ സങ്കീർണമായ ട്യൂമർ പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്തു.
തലച്ചോറിലെ പ്രധാന നാഡികൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ ട്യൂമർ പുറത്തെടുക്കാൻ ഈ സാങ്കേതികവിദ്യ വലിയതോതിൽ സഹായിച്ചു. അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് വിഭാഗം മേധാവി ഡോ.
മഞ്ജിത് ജോർജും ഈ ചികിത്സാ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യനില വീണ്ടെടുത്ത രോഗി ഇതിനോടകം ആശുപത്രി വിട്ടു.
അസാധ്യമായ മെഡിക്കൽ വെല്ലുവിളികളെപ്പോലും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ അതിജീവിച്ച് രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് ആശുപത്രിയുടെ ന്യൂറോ സർജറി വിഭാഗത്തിന്റെ വലിയ നേട്ടമാണെന്ന് മാനേജിങ് ഡയറക്ടർ റവ. ഫാ.
മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ. പോളിൻ ബാബു എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

