ചികിത്സാ പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടമായ പാലക്കാട് പല്ലശന സ്വദേശിയായ ഒൻപതു വയസുകാരി വിനോദിനിക്ക് ഭാവിയിൽ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് പെൺകുട്ടിയുടെ കൈ നഷ്ടപ്പെടാൻ കാരണമായതെന്ന് കമ്മീഷൻ വിലയിരുത്തി.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണ്ണായകമായ ഈ ശിപാർശ.
കുട്ടിയുടെ തുടർപഠനത്തിനായി സർക്കാർ ഏറ്റെടുത്ത ചെലവുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മീഷൻ കർശന നിർദേശം നൽകി. 21 വയസ് വരെ ഈ ആനുകൂല്യം ലഭ്യമാകുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം.
കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ചികിത്സാ പിഴവ് മൂലമുണ്ടായ ശാരീരികമായ നഷ്ടത്തിന് പരിഹാരമായും സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

