കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ ദാരുണമായ ആക്രമണത്തിൽ പിതാവും സഹോദരിയും കൊല്ലപ്പെട്ടു. പ്രായപൂർത്തിയാകാത്ത പതിനാറുകാരൻ നടത്തിയ ആക്രമണത്തിൽ കുടുംബത്തിലെ രണ്ട് പേരാണ് മരണപ്പെട്ടത്.
യങ്കണ്ണ നായിഡു (48), മകൾ പ്രഗതി (20) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രഗതി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പരുക്കേറ്റ യങ്കണ്ണ നായിഡുവിനെ ബല്ലാരിയിലെ വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അമ്മ സൗജന്യ ബല്ലാരിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണം നടത്തുന്നതിനിടെ പതിനാറുകാരനും പരുക്കേറ്റു. ഇയാൾ നിലവിൽ പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ചികിത്സയിലാണ്.
വീട്ടിൽ നിന്ന് അസാധാരണമായ നിലവിളിയും ബഹളവും കേട്ടതിനെത്തുടർന്ന് മുത്തശ്ശനും മുത്തശ്ശിയുമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടെത്തിയത്.
മുത്തശ്ശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എങ്കിലും, പതിനാറുകാരൻ ഓൺലൈൻ ഗെയിമുകളിൽ അമിതമായി സമയം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന സംശയമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

