കോഴിക്കോട് താമരശ്ശേരി ചുരത്തിൽ റോഡിന് നടുവിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിച്ച യുവാവിന് പാമ്പുകടിയേറ്റു. വയനാട് കൽപ്പറ്റ സ്വദേശിയായ ആസാദിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിൽ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ചുരത്തിലെ പാതയ്ക്ക് നടുവിൽ വലിയ പെരുമ്പാമ്പ് കിടന്നതിനെ തുടർന്ന് ഈ ഭാഗത്ത് വലിയ രീതിയിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു.
കൽപ്പറ്റയിൽ നിന്നും കോഴിക്കോട് ഒടുങ്ങാക്കാടുള്ള ഒരു ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാനായി പോവുകയായിരുന്നു ആസാദ്. വഴിയിൽ വാഹനങ്ങളുടെ വലിയ ക്യൂ കണ്ടതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഇദ്ദേഹം, ഗതാഗതം പുനഃസ്ഥാപിക്കാനായി സ്വയം മുന്നിട്ടിറങ്ങി പാമ്പിനെ റോഡിൽ നിന്നും മാറ്റാൻ ശ്രമിക്കുകയായിരുന്നു.
പാമ്പിന്റെ ശരീരത്തിൽ പിടിച്ച് റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആസാദിന് കടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കടിയേറ്റതിനെ തുടർന്ന് പിടിവിട്ട
പാമ്പ് പിന്നീട് റോഡിന്റെ മറുഭാഗത്തേക്ക് ഇഴഞ്ഞുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

