വയനാട്: മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് വിദ്യാർത്ഥികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.
മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ ബിഎൻഎസ് 79, ഐടി ആക്ട് 67ബി, പോക്സോ ആക്ട് 11(ഐ), 12 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഐടി നിയമങ്ങളും പോക്സോ വകുപ്പുകളും ഇതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കെതിരെ അശ്ലീല പരാമർശങ്ങളും മോശം കമന്റുകളും പോസ്റ്റുകളും പങ്കുവെച്ച വ്യക്തികൾ നിയമനടപടി നേരിടേണ്ടി വരും.
ഇത്തരം പരാമർശങ്ങൾ നടത്തിയ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിൽ സൈബർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാർ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതുമായ ദൃശ്യങ്ങൾ മീനങ്ങാടി യുഡിഎഫ് നേതൃത്വം പുറത്തുവിട്ടത്.
ഈ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് ഔദ്യോഗികമായി പൊലീസിൽ പരാതി സമർപ്പിച്ചത്. പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് വരുത്തിതീർക്കാനല്ല, മറിച്ച് കുട്ടികൾ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

