നീണ്ട മാസങ്ങളുടെ ബെറ്റാ ടെസ്റ്റിംഗിനൊടുവിൽ പുറത്തിറക്കിയ സ്റ്റേബിൾ വൺ യുഐ 9 (One UI 9) അപ്ഡേറ്റ് ഗാലക്സി ഡിവൈസുകളിൽ പുതിയ സാങ്കേതിക തടസ്സങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്.
നിരവധി ഉപയോക്താക്കളാണ് വൈഫൈ, മൊബൈൽ ഡാറ്റ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതിപ്പെട്ടിരിക്കുന്നത്.
സാംസങ് (Samsung) കമ്മ്യൂണിറ്റി ഫോറങ്ങളിലും റെഡ്ഡിറ്റിലുമാണ് ഇതുസംബന്ധിച്ച പരാതികൾ വ്യാപകമായിരിക്കുന്നത്. പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷമാണ് ഈ പ്രശ്നങ്ങൾ ആരംഭിച്ചത്.
ഗാലക്സി ഇസഡ് ഫോൾഡ് 7, ഗാലക്സി ഫ്ലിപ്പ് 7, എസ്24 സീരീസ്, കൂടാതെ ഗാലക്സി എ കട്ടഗറിയിലെ എ55, എ36 തുടങ്ങിയ ജനപ്രിയ മോഡലുകളെല്ലാം ഈ തടസ്സങ്ങൾക്ക് ഇരയായിട്ടുണ്ട്. ചില ഉപയോക്താക്കളുടെ വൈഫൈ കണക്ഷൻ നഷ്ടപ്പെടുമ്പോൾ, മറ്റു ചിലർക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിലാണ് തടസ്സം നേരിടുന്നത്.
നെറ്റ്വർക്ക് ക്രമീകരണങ്ങൾ റീസെറ്റ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. അപ്ഡേറ്റിന് ശേഷം ഒരു ഗാലക്സി എ56 ഉപയോക്താവിന്റെ ഫോണിൽ സിം കാർഡ് കണ്ടെത്താൻ കഴിയാത്ത ഗുരുതരമായ പ്രശ്നവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബിൽറ്റ്-ഇൻ ഡയഗ്നോസ്റ്റിക് ടൂളുകൾക്ക് പോലും ഡ്യുവൽ സിം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഈ പ്രശ്നം വൈഫൈ തടസ്സങ്ങൾ പോലെ അത്രയധികം വ്യാപകമല്ല.
വ്യത്യസ്ത രീതികളിലാണ് ഉപയോക്താക്കളിൽ ഈ പ്രശ്നങ്ങൾ പ്രകടമാകുന്നത്. ചിലരുടെ ഫോണുകൾ ഹോം വൈഫൈയുമായി കണക്ട് ആകാത്തപ്പോൾ മറ്റ് സേവ് ചെയ്ത നെറ്റ്വർക്കുകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നുണ്ട്.
ചിലർക്ക് 2.4GHz ബാൻഡിൽ കണക്ട് ചെയ്യാൻ കഴിയുമെങ്കിലും 5GHz ബാൻഡിൽ തടസ്സങ്ങൾ നേരിടുന്നു. ടി-മൊബൈൽ നെറ്റ്വർക്കിലുള്ള ഒരു ഗാലക്സി ഇസഡ് ഫോൾഡ് 7 ഉപയോക്താവിന് വൈഫൈ പ്രവർത്തിക്കുന്നുണ്ടെങ്കിലും വൈഫൈ കോളിംഗ് സംവിധാനം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോഴോ ഫ്ലൈറ്റ് മോഡ് മാറ്റി ഒന്നുരണ്ട് മണിക്കൂർ പ്രവർത്തിക്കുമ്പോഴോ വൈഫൈ കണക്ഷൻ തിരിച്ചുകിട്ടുമെങ്കിലും പിന്നീട് വീണ്ടും കണക്ഷൻ കട്ടാകുന്ന അവസ്ഥയാണ് ഉള്ളത്. ഇതുവരെ സാംസങ് ഔദ്യോഗികമായി ഈ പ്രശ്നം അംഗീകരിച്ചിട്ടില്ല.
പ്രമുഖ ആൻഡ്രോയിഡ് അപ്ഡേറ്റുകൾക്ക് ശേഷം ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും വരാനിരിക്കുന്ന നവംബർ ഫേംവെയർ അപ്ഡേറ്റിലൂടെ ഈ കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

