തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ കണ്ടത് ഹൃദയഭേദകമായ രംഗങ്ങൾ.
‘നാൻ പെറ്റ മകനേ… എൻ ചാമിയേ… എന്നെ തവിക്ക വിട്ടിട്ട് പോയിട്ടേയെടാ…’ എന്ന അമ്മമാരുടെ ഇടമുറിയാത്ത കരച്ചിൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണുനനയിച്ചു. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും മാതാവുകൾ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. ഒന്നിച്ചുകളിച്ചും പഠിച്ചും വളർന്ന ഇരുവരും ആത്മമിത്രങ്ങളും ഉറ്റ ബന്ധുക്കളുമായിരുന്നു.
ഒടുവിൽ മരണത്തിലും അവർ ഒന്നാവുകയായിരുന്നു. സൂര്യയുടെ ഭൗതികദേഹവും കാത്ത് അമ്മ മീനാകുമാരിയും ഇളയ സഹോദരൻ ഹരിഹരനും തളർന്നിരുന്നു.
ഫോൺ ശബ്ദിച്ചപ്പോൾ കോളെടുത്ത് അവർ യാഥാർത്ഥ്യം പറഞ്ഞു; ‘സെത്തുപോച്ചെടാ…’. ജീവയുടെ അമ്മ മേഘലയും ബന്ധുക്കളും കാറിൽ എത്തിച്ചേർന്നപ്പോൾത്തന്നെ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് തേങ്ങി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്നതുവരെ അമ്മ മേഘല അവിടെനിന്ന് അനങ്ങിയില്ല. ‘എൻ ചാമിയേ’ എന്നും ‘എൻ തങ്കമേ, എൻ രാസാവേ, എൻ മകനേ…’ എന്നും വിളിച്ചുകൊണ്ട് അവർ തളർന്നു വീണു.
ബന്ധുക്കളും പൊലീസും നൽകിയ വെള്ളം പോലും തൊണ്ടയിൽ കുരുങ്ങുന്ന അവസ്ഥയിലായിരുന്നു ആ അമ്മ. ചുറ്റും കൂടിനിന്നവരോട് അവർ തേങ്ങിക്കരഞ്ഞുകൊണ്ട് ചോദിച്ചു; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും? കയ്യോ കാലോ നഷ്ടപ്പെട്ടു..
ജീവനുണ്ട് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. വന്നപ്പോഴാണ് അറിഞ്ഞത് അവൻ മരിച്ചെന്ന്’.
തന്റെ മകനെക്കുറിച്ച് ഓർക്കുമ്പോൾ ആ അമ്മയുടെ നെഞ്ച് തകർന്നു. ‘‘എൻ പുള്ളൈ… വീട്ടിൽ എല്ലാ പണിയും അവൻ ചെയ്യുമായിരുന്നു.
പശുക്കളുണ്ടായിരുന്ന കാലത്ത് അതുങ്ങളെ നന്നായി നോക്കും. പറമ്പിലും പണിയെടുക്കും.
പത്തുലക്ഷം രൂപ വായ്പയെടുത്താണ് പഠിക്കാൻ അയച്ചത്. എനിക്കും അവന്റെ അച്ഛനും വലിയ വിദ്യാഭ്യാസവുമില്ല.
അതുകൊണ്ട് മകനെ പഠിപ്പിച്ച് നല്ലൊരു നിലയിൽ എത്തിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ടീച്ചർമാർക്കൊക്കെ വലിയ കാര്യമായിരുന്നു.
എവിടെയും കറങ്ങിനടക്കുന്ന സ്വഭാവമില്ല. കോളജിൽനിന്നു വന്നാൽ നേരെ വീട്ടിലേക്ക്.
അപ്പാവുക്ക് അവനെ വലിയ ഇഷ്ടമാണ്. അവൻ വിട്ടുപോയെന്ന് അപ്പാവെ അറിയിച്ചിട്ടില്ല; ആക്സിഡന്റായി, ഒരു കാൽ പോയെന്നേ പറഞ്ഞിട്ടുള്ളൂ…’’ ജീവിതത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന മകന്റെ ചിത്രവുമായി ഒരു ബന്ധു എത്തിയതോടെ ആ അമ്മയുടെ നിലവിളി വീണ്ടും ഉയർന്നു.
ജീവയുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, മണിക്കൂറുകളോളം പടവുകളിൽ തളർന്നിരുന്ന ആ അമ്മ വേച്ചുകൊണ്ട് എഴുന്നേൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

