കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയായ പേരാമ്പ്ര ബിആര്‍സിയിലെ മുൻ അധ്യാപികയും കോഴിക്കോട് മരുതോങ്കര സ്വദേശിനിയുമായ കീര്‍ത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെയാണ് പ്രതിയെ കസ്റ്റഡിയിൽ അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്.
വടകര എൻഡിപിഎസ് കോടതിയുടേതാണ് ഈ നിർണായക നടപടി. ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
എന്നാൽ, ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും നിർണായക തെളിവുകൾ ശേഖരിക്കാനും കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചത്. ഇതിനിടയിൽ, ബിആര്‍സിയിലെ മുൻ അധ്യാപികമാരും കേസിലെ മറ്റ് പ്രതികളുമായ നീഷ്മ, കാവ്യ എന്നിവര്‍ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും.
ലഹരിമരുന്ന് കേസില്‍ പിടിയിലായതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട രണ്ടാമത്തെ അധ്യാപികയേയും അധികൃതർ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയേയും പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയേയുമാണ് പുറത്താക്കിയത്. മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്.
അധ്യാപകരെ ഇടനിലക്കാരാക്കിക്കൊണ്ടുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശി പിടിയിലായതോടെയാണ് പുറത്തുവന്നത്. ഈ കേസിലെ തുടരന്വേഷണമാണ് ഒടുവിൽ അധ്യാപികമാരിലേക്ക് എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

