സംസ്ഥാനത്ത് ദിവസേന കോടികളുടെ സ്വർണ വ്യാപാരം നടക്കുന്നുണ്ടെങ്കിലും, കാക്കനാട്ടെ ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസെയിങ് ആൻഡ് ടെസ്റ്റിങ് ലാബിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഒരൊറ്റ സാംപിൾ പോലും പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന കേരളത്തിലെ ഏക സർക്കാർ ലാബാണിത്.
ഇവിടെ പരിശോധനകൾ ഒന്നും നടക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു കേസു പോലും ഇതുവരെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. 2003 ലാണ് ലീഗൽ മെട്രോളജി ഓഫിസിനോട് ചേർന്ന് ഈ സ്വർണ സംശുദ്ധി പരിശോധനാ ലാബ് പ്രവർത്തനം ആരംഭിക്കുന്നത്.
പ്രവർത്തനത്തിന്റെ ആദ്യകാലങ്ങളിൽ ഏതാനും ചില പരിശോധനകൾ നടന്നിരുന്നെങ്കിലും, സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശുദ്ധി പരിശോധിക്കുവാൻ ആവശ്യമായ ജീവനക്കാരുടെ കുറവ് കാരണം നിലവിൽ ആ പ്രവർത്തനങ്ങളും പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നിലവിൽ ഒരു അസെയ് മാസ്റ്ററും ഒരു സഹായിയും മാത്രമാണ് ഈ ലാബിന്റെ പ്രവർത്തനങ്ങൾക്കായി ഉള്ളത്.
സ്വർണത്തിന്റെ പ്രാഥമിക ഗുണനിലവാരം വിലയിരുത്തുന്ന നോൺ–ഡെസ്ട്രക്ടീവ് പരിശോധനയും, കൃത്യമായ പരിശുദ്ധി കൃത്യമായി അളക്കുന്ന ഡെസ്ട്രക്ടീവ് പരിശോധനയുമാണ് ഇവിടെ സൗകര്യങ്ങളുള്ളത്. ഈ ലബോറട്ടറി നൽകുന്ന പരിശോധനാ റിപ്പോർട്ടുകൾ കോടതികളും മറ്റ് വിവിധ അന്വേഷണ ഏജൻസികളും ശാസ്ത്രീയ തെളിവുകളായി അംഗീകരിക്കാറുമുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) ലീഗൽ മെട്രോളജി ഗോൾഡ് ലാബ് അസെയ് മാസ്റ്റർ ജാലി ആന്റണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സഹായിച്ചിരുന്നു. പൊതുജനങ്ങൾക്കായി വളരെ നാമമാത്രമായ ഫീസ് ഈടാക്കിക്കൊണ്ടാണ് ലാബിൽ സ്വർണ സാംപിളുകൾ പരിശോധിച്ചു നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

