തിരുവനന്തപുരം വിമാനത്താവളത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക എയർപോർട്ട് സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞവർഷം ഏപ്രിൽ 15ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവെയ്സ് വിമാനത്തിൽ പരുന്തിടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. നിരീക്ഷണം ശക്തമാക്കിയ വിവരം കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ ഔദ്യോഗികമായി അറിയിച്ചു.
പ്രദേശത്തെ വീടുകളിൽ നിന്നും അജൈവമാലിന്യങ്ങൾ കൃത്യമായി ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിനായി ഹരിതകർമ്മ സേനയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.
ജൈവമാലിന്യ സംസ്കരണം ലക്ഷ്യമിട്ട് വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻഎസ് ഡിപ്പോ എന്നീ ഭാഗങ്ങളിൽ അഞ്ച് എയറോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കമ്മീഷൻ കേസ് പരിഗണിച്ച വേളയിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ട് ഹാജരായി വിവരങ്ങൾ വിശദീകരിച്ചു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എയർപോർട്ടിന് സമീപമുള്ള പ്രദേശങ്ങളിൽ യാതൊരു കാരണവശാലും അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് നഗരസഭാ അധികൃതർ കർശനമായി ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

