കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 50 തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ (AWS) സ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കമായി.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നത്. പ്രകൃതി ദുരന്ത സാധ്യത കൂടുതലുള്ളതും, നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ പരിമിതമായതുമായ പ്രദേശങ്ങളിലെ സ്കൂളുകളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
മഴ, കാറ്റ്, അന്തരീക്ഷ താപനില, ഹ്യുമിഡിറ്റി എന്നിവയെക്കുറിച്ചുള്ള കൃത്യമായ തത്സമയ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ ശേഖരിക്കാൻ സാധിക്കും. ഇവയിൽ നിന്നുള്ള വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കും.
അതുവഴി പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സാധിക്കും. കൂടാതെ, ഈ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വെതർ ഇൻഫർമേഷൻ നെറ്റ്വർക്ക് ആന്റ് ഡാറ്റ സിസ്റ്റം (WINDS) പോർട്ടലിലും ലഭ്യമാകും.
ഇത് കേന്ദ്ര കാലാവസ്ഥാ വകുപ്പിനും കൃഷി വകുപ്പിനും കാലാവസ്ഥാ വിശകലനത്തിനായി ഉപയോഗപ്രദമാകും. സ്ഥാപനം പൂർത്തിയാകുന്നതോടെ, ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ സ്കൂളുകൾക്കും, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പോലീസ്, അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ലഭ്യമാകും.
സ്കൂളുകൾക്ക് ഈ വിവരങ്ങൾ പഠന ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും സാധിക്കും. തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തിൽ മൂന്ന് സ്റ്റേഷനുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

