ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ (42) തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ചൈനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ അദ്ദേഹം മരിച്ചുവെന്നാണ് അമേരിക്കയിൽ താമസിക്കുന്ന ചൈനീസ് വിമതൻ അവകാശപ്പെട്ടത്.
എന്നാൽ, ഈ വാർത്തകൾ പുറത്തുവന്ന് മണിക്കൂറുകൾക്കകം കിമ്മിന്റെ പുതിയ ചിത്രങ്ങൾ വടക്കൻ കൊറിയൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടു. തന്റെ മകൾക്കൊപ്പം പ്രദർശനഹാൾ സന്ദർശിക്കുന്ന ദൃശ്യങ്ങളാണ് പുതിയ ചിത്രങ്ങളിലുള്ളത്.
കിമ്മിനെയും ഉത്തരകൊറിയയെയും സംബന്ധിച്ച് ഇത്തരം വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് പതിവാണെന്ന് അന്താരാഷ്ട്ര വിഷയങ്ങളിലെ വിദഗ്ധർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും കർശനമായ രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്നായാണ് പാശ്ചാത്യ ഭരണകൂടങ്ങളും മാധ്യമങ്ങളും ഉത്തരകൊറിയയെ കണക്കാക്കുന്നത്.
അതിനാൽത്തന്നെ അവിടത്തെ യഥാർത്ഥ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കുക എന്നത് ദുഷ്കരമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് ഭരണകൂടം നിരോധിച്ച ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ചെയർമാനായ വാൻജുൻ ഷീ എന്നയാളാണ് കിം ജോങ് ഉൻ മരിച്ചെന്ന തരത്തിലുള്ള അവകാശവാദവുമായി രംഗത്തെത്തിയത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി ബന്ധപ്പെട്ടും ഇയാൾ മുൻകാലങ്ങളിൽ സമാനമായ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. കിമ്മിന് മസ്തിഷ്കാഘാതം ഉണ്ടായെന്നും ഉത്തര കൊറിയയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തെ ചൈനയിലേക്ക് മാറ്റിയെന്നുമാണ് ഷീ ആരോപിച്ചത്.
തുടർന്ന് ചികിത്സയ്ക്കിടെ കിം മരണപ്പെടുകയും മൃതദേഹം അതീവ രഹസ്യമായി ഉത്തര കൊറിയയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തുവെന്നും ഇയാൾ അവകാശവാദമുന്നയിച്ചു.

