പശ്ചിമ ബംഗാളിൽ ദുർഗാപൂജയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ബുക്ക് സ്റ്റാളുകൾ വ്യാപകമായി തകർക്കപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി.
സിപിഎം ജാദവ്പുർ ഏരിയ കമ്മിറ്റി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉൾപ്പെട്ട സിംഗിൾ വെക്കേഷൻ ബെഞ്ച് തള്ളിയത്.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാർട്ടി കോടതിയെ സമീപിച്ചത്. എന്നാൽ സമാന വിഷയത്തിൽ മറ്റൊരു ഹർജി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ എത്തിയിട്ടുണ്ടെന്നും ഇത് ജനുവരിയിൽ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ട
ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്ത ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബുക്ക് സ്റ്റാളുകൾക്കെതിരെ വ്യാപക ആക്രമണമാണ് ഉണ്ടായത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരുന്ന നൂറോളം ബുക്ക് സ്റ്റാളുകൾക്ക് നേരെ ആക്രമണം ഉണ്ടായതായും ഇതിൽ 35 ഓളം ബുക്ക് സ്റ്റാളുകൾ പൂർണമായും തകർക്കപ്പെട്ടതായും സിപിഎം ആരോപിച്ചു. ഇക്കുറി 600ലധികം ബുക്ക് സ്റ്റാളുകളാണ് പാർട്ടി ഈ രീതിയിൽ സ്ഥാപിച്ചിരുന്നത്.
ഈ ആക്രമണത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തെ അപലപിച്ച മന്ത്രി സ്വപൻ ദാസ്ഗുപ്ത, ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും നാണക്കേടാണെന്നും വ്യക്തമാക്കി.
ആക്രമണത്തെ ബിജെപി സംസ്ഥാന ഘടകവും അപലപിക്കുകയുണ്ടായി. സ്റ്റാളുകൾ തകർത്തവർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പ്രതികരിച്ചു.
ബുക്ക് സ്റ്റാളുകൾ തകർത്തതിനോട് യോജിക്കുന്നില്ലെന്നും സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

