തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് പുതിയ മീൻപിടിത്ത തുറമുഖ നിർമാണവും നിലവിലെ തുറമുഖ നവീകരണവും രണ്ടു മാസത്തിനുള്ളിൽ ആരംഭിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട
ഭരണാനുമതി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. വിശദമായ എൻജിനീയറിങ് പഠനങ്ങളും നിരീക്ഷണ നടപടികളുമാണ് ഇനി അടുത്ത ഘട്ടമായി നടപ്പിലാക്കുക.
തുടർന്ന് നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. നിലവിലുള്ള മീൻപിടിത്ത തുറമുഖം 90 കോടി രൂപ മുതൽമുടക്കിയാണ് നവീകരിക്കുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ) മുഖേനയാണ് ഇതിനുള്ള സർക്കാർ ചെലവുകൾ വഹിക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പ് നടത്തുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി വാർഫിന്റെ നീളം വർധിപ്പിക്കും.
ഇതിനുപുറമെ ഫ്ലോട്ടിങ് ജെട്ടികൾ, നവീകരിച്ച ലേല ഹാളുകൾ, ആധുനിക മീൻ ചന്ത എന്നിവയും പദ്ധതിയുടെ ഭാഗമായി യാഥാർത്ഥ്യമാക്കും. മത്സ്യ പ്രദർശന ഔട്ലെറ്റുകൾ, മത്സ്യ സ്റ്റാൾ, ഫ്രീസർ മുറികൾ എന്നിവയും നവീകരിച്ച ഹാർബറിൽ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വിഴിഞ്ഞം വലിയ കടപ്പുറത്ത് നിർമിക്കുന്ന പുതിയ മത്സ്യബന്ധന തുറമുഖത്തിന് 260 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 235 മീറ്റർ നീളമുള്ള പുലിമുട്ട്, 340 മീറ്റർ നീളമുള്ള മീൻ ഇറക്കാൻ പാകത്തിലുള്ള വാർഫ്, രണ്ടു ലേല ഹാളുകൾ, പാർക്കിങ് ഏരിയ, റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുന്നതാകും പുതിയ മീൻപിടിത്ത തുറമുഖം.
സർക്കാർ ഫണ്ടഡ് വർക്കായി അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയാവും ഈ നിർമാണം പൂർത്തീകരിക്കുക. കൂടാതെ, രണ്ട് മത്സ്യബന്ധന തുറമുഖങ്ങൾക്കും ഉള്ളിൽ തിരയടി തടയുന്നതിനും യാനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി 125 കോടി രൂപ ചെലവിൽ സീവേർഡ് പുലിമുട്ടിനോടനുബന്ധിച്ച് 250 മീറ്റർ നീളത്തിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുതിയ പുലിമുട്ടും നിർമിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

