ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി മുൻനിർത്തി, രാജ്യത്ത് വിപുലമായ എൽപിജി കരുതൽ ശേഖരം ഒരുക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. നിലവിൽ ക്രൂഡോയിൽ സംഭരണത്തിനായി ഉപയോഗിക്കുന്ന മാതൃകയിൽ ഭൂഗർഭ ടാങ്കുകൾ നിർമ്മിച്ചോ, അല്ലെങ്കിൽ ഉപരിതലത്തിൽ ക്രയോജനിക് ടാങ്കുകൾ സ്ഥാപിച്ചോ എൽപിജി ശേഖരിക്കാനാണ് തീരുമാനം.
ഇതിനായി ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതികവിദ്യ സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് വഴി കപ്പൽ ഗതാഗതം തടസ്സപ്പെട്ടപ്പോൾ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയാണ് നേരിട്ടത്.
ക്രൂഡോയിൽ കരുതൽ ശേഖരം ഉള്ളതിനാൽ പെട്രോൾ, ഡീസൽ ലഭ്യതയിൽ വലിയ തടസ്സങ്ങൾ ഉണ്ടായില്ലെങ്കിലും, പാചകവാതക മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായിരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഗാർഹിക സിലിണ്ടർ വിതരണത്തിൽ ഇടവേളകൾ നീട്ടിയും വലിയ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ പാടുപെട്ടു.
ഈ സാഹചര്യത്തിലാണ് ഭാവിയിൽ ഇത്തരമൊരു പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുന്നത്. 30 ദിവസത്തെ സുരക്ഷാ ശേഖരം
ഏത് അടിയന്തര സാഹചര്യത്തിലും കുറഞ്ഞത് 30 ദിവസത്തേക്ക് രാജ്യത്തിന് ആവശ്യമായ പാചകവാതകം കരുതുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപറേഷൻ നിലവിലുള്ള 200 ടിഎംസി (തൗസന്റ് മെട്രിക് ടൺ) സംഭരണശേഷി 340 ടിഎംസിയായി വർദ്ധിപ്പിക്കാൻ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വിവരമുണ്ട്. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികളും സമാനമായ നിക്ഷേപങ്ങൾക്കായി പദ്ധതി തയ്യാറാക്കി വരുന്നു.
കൂടാതെ, പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കാതെ റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് ദീർഘകാലാടിസ്ഥാനത്തിൽ പാചകവാതകം ഇറക്കുമതി ചെയ്യാനുള്ള കരാറുകൾക്കും സർക്കാർ ശ്രമം തുടരുന്നു. നിലവിലുള്ള ക്രൂഡോയിൽ സംഭരണികൾക്ക് പുറമെ അഞ്ച് കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മാനദണ്ഡപ്രകാരം എല്ലാ രാജ്യങ്ങളും 90 ദിവസത്തേക്കുള്ള ക്രൂഡോയിൽ കരുതൽ ശേഖരിക്കണം. എൽപിജിയുടെ കാര്യത്തിൽ നിലവിൽ ഇത്തരം കർശന നിബന്ധനകളില്ലെങ്കിലും, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളും എൽപിജി ശേഖരം നിർബന്ധമായും ഒരുക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

