ആറന്മുളയിൽ കാലവർഷം കനിഞ്ഞില്ലെങ്കിലും പമ്പാനദിയിലേക്ക് പള്ളിയോടങ്ങളുടെ വരവ് തുടങ്ങി. വള്ളസദ്യ ചടങ്ങുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാസങ്ങളായി പുരകളിൽ വിശ്രമിച്ചിരുന്ന 52 പള്ളിയോടങ്ങളെയും പമ്പയിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.
ഇത്തവണത്തെ വരവിൽ പ്രത്യേകതയേകുന്നത് തെക്കേമുറി കിഴക്ക്, പൊന്നുംതോട്ടം, ഇടശ്ശേരിമല എന്നീ പള്ളിയോടങ്ങളുടെ പുനർനിർമ്മാണമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ തെക്കേമുറി കിഴക്ക് പള്ളിയോടം നീറ്റിലിറക്കാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ.
2011 മുതൽ പാർഥസാരഥി ക്ഷേത്രത്തിന്റെ സജീവ സാന്നിധ്യമായ ഈ പള്ളിയോടം, ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ പുതുക്കിപ്പണിയുന്നത്. ഏകദേശം 80 ശതമാനത്തോളം പുതിയ മരത്തടികൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
നിർമ്മാണ പ്രത്യേകതകൾ
പള്ളിയോടത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ശിൽപി അയിരൂർ സന്തോഷ് ആചാരി വ്യക്തമാക്കിയത് ഇങ്ങനെ: “6 ചില്ല്, 3 വങ്ക്, അമരം എന്നിവയാണു പ്രധാനമായും മാറ്റി പണിയുന്നത്.” 47 കോൽ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള അതേ അളവുകളിൽ തന്നെയാണ് പുതിയ നിർമ്മാണവും നടക്കുന്നത്. ഈ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പള്ളിയോട
കമ്മിറ്റി പ്രസിഡന്റ് എം.ജി.സദാശിവൻനായർ അറിയിച്ചു. പോർക്കോലി കടവിൽ അന്തിമഘട്ട
മിനുക്കുപണികൾ പുരോഗമിക്കുകയാണ്. കർത്തവ്യം, പുന്നയ്ക്കാട്, പേരപ്പൂര്, കാഞ്ഞിരവേലി, കുറുന്താർ എന്നീ അഞ്ച് എൻഎസ്എസ് കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പള്ളിയോടം.
19-ന് ആരംഭിക്കുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ ഇതിനോടകം 20 വള്ളസദ്യ വഴിപാടുകൾ ഈ പള്ളിയോടത്തിന് ലഭിച്ചുകഴിഞ്ഞു. സെക്രട്ടറി എസ്.എൻ.സദാശിവൻപിള്ള, ട്രഷറർ എം.ആർ.സതീശൻപിള്ള, പള്ളിയോട
പ്രതിനിധികളായ എൻ.എസ്.ഗിരീഷ് കുമാർ, ശശിധരൻനായർ, ക്യാപ്റ്റൻ ആർ.സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

