മുംബൈ: 2007-ല് പരിചയസമ്പന്നരായ മുതിർന്ന കളിക്കാരെ ഒഴിവാക്കി എം.എസ്. ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പടർന്ന ഊഹാപോഹങ്ങൾ തള്ളി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.
ആ സമയത്ത് ടീമിലെ മുതിർന്ന താരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിരുന്നുവെന്ന പ്രചാരണങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. ധോണിക്ക് കീഴിൽ കളിക്കുന്നതിൽ മുതിർന്ന കളിക്കാർക്ക് യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ലെന്ന് ഹർഭജൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ ഹർഭജൻ സിംഗിന്റെ വാക്കുകൾ ഇങ്ങനെ: ”ധോണി വളരെ ചെറുപ്പമാണെങ്കിലും അദ്ദേഹം ക്യാപ്റ്റനായതിൽ ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നവും തോന്നിയിരുന്നില്ല. ക്യാപ്റ്റൻ മാത്രമല്ല പ്രധാനം, ധോണി ഒരു നല്ല ക്യാപ്റ്റനായി അറിയപ്പെടണമെങ്കിൽ 11 കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ധോണിയുടെ വിജയത്തിന് പിന്നിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമമാണുണ്ടായിരുന്നത്.” മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് തങ്ങൾ ഉൾപ്പെടെയുള്ള താരങ്ങളെ വളർത്തിക്കൊണ്ടുവന്നതെന്നും, ധോണി നായകനാകുമ്പോൾ ഏഴെട്ടു വർഷത്തോളം ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ ഒരു ടീമിനെയാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും ഹർഭജൻ എടുത്തുപറഞ്ഞു. പ്രഖ്യാപനം മുതൽ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്കാണ് ധോണി ഇന്ത്യൻ ടീമിനെ നയിച്ചത്.
2007-ലെ പ്രഥമ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ നിർണായകമായ മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യയ്ക്ക് സമ്മാനിച്ചത്. കളിക്കാർക്ക് മേൽ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ധോണി ഒരിക്കലും മുതിർന്നിരുന്നില്ലെന്നും ഹർഭജൻ ഓർമിച്ചു.
മുതിർന്ന താരങ്ങൾ വർഷങ്ങളോളം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചവരാണെന്നും വിവിധ സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന് അവർക്കറിയാമെന്നുമുള്ള വ്യക്തമായ ബോധം ധോണിക്ക് ഉണ്ടായിരുന്നു. ഓരോ കളിക്കാരനിൽ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

