അമേരിക്കൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ (AMS) പ്രശസ്തമായ ഫെലോ പദവിയിലേക്ക് പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിയും നാസയിലെ ഭൗമശാസ്ത്ര ഗവേഷകനുമായ സുജയ് വി കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള പ്രമുഖരായ ഭൗമശാസ്ത്രജ്ഞർക്ക് മാത്രം ലഭിക്കുന്ന ഈ ഉന്നത അംഗീകാരത്തിന് അർഹനാകുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് അദ്ദേഹം.
കാലാവസ്ഥാ ശാസ്ത്രത്തിലും ഭൂമിശാസ്ത്ര മേഖലയിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആജീവനാന്ത ബഹുമതി. സംഘടനയുടെ ആകെ അംഗസംഖ്യയുടെ കേവലം 0.2 ശതമാനം പേർക്ക് മാത്രമാണ് വർഷംതോറും ഈ നേട്ടം കൈവരിക്കാനാകുക.
ഉപഗ്രഹ ഡാറ്റാസെറ്റുകളും സങ്കീർണമായ കമ്പ്യൂട്ടർ മോഡലുകളും പ്രയോജനപ്പെടുത്തി ഭൂമിയിലെ ജലചക്രത്തെക്കുറിച്ചും മനുഷ്യന്റെ ഇടപെടലുകൾ കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും സുജയ് നടത്തുന്ന പഠനങ്ങളാണ് അദ്ദേഹത്തെ ഈ പദവിക്ക് അർഹനാക്കിയത്. പതിറ്റാണ്ടുകളായി നാസയിൽ ഗവേഷകനായി സേവനം അനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.
കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് ചീഫ് എൻജിനിയറായിരുന്ന അന്തരിച്ച വികാസിൽ കെ വിജയകുമാറിന്റെയും വളയൻചിറങ്ങര ഹൈസ്കൂൾ റിട്ടയർഡ് അധ്യാപിക കെ കോമളവല്ലിയുടെയും മകനാണ് സുജയ് വി കുമാർ. 1990-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 600-ൽ 585 മാർക്ക് നേടി സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പ്രതിഭ കൂടിയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

