ഫ്രാൻസിൽ നിലനിൽക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളെയും സുരക്ഷാ സാഹചര്യങ്ങളെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളിലെ നേതാക്കൾ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫ്രാൻസിലെ ആഭ്യന്തര വിഷയങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണം കുടിയേറ്റവും ഇസ്ലാമിസ്റ്റുകളുമാണെന്ന വാദങ്ങളെ അദ്ദേഹം പൂർണമായും തള്ളി. ഇത്തരം പരാമർശങ്ങൾ തീർത്തും തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും അങ്ങേയറ്റം ബുദ്ധിശൂന്യവുമായ അഭിപ്രായങ്ങളാണെന്നും ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
പാരീസ് നഗരത്തിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്രംപിനെ ഉദ്ദേശിച്ചാണോ ഈ പരാമർശമെന്ന ചോദ്യത്തിന്, മറ്റുള്ളവർക്കൊപ്പം അദ്ദേഹത്തെയും ഈ പ്രസ്താവനയിൽ ഉൾക്കൊള്ളുന്നുണ്ടെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി.
രാജ്യത്ത് യഥാർത്ഥത്തിൽ നടന്നിട്ടില്ലാത്ത കാര്യങ്ങൾ വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും, അത്തരം ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെ നിർമ്മിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുടിയേറ്റക്കാരും ഇസ്ലാമിസ്റ്റുകളും ചേർന്ന് ഫ്രാൻസിനെ ആക്രമിച്ച് കീഴടക്കിയെന്ന പ്രചാരണം തികച്ചും വ്യാജമാണ്.
അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറത്തുള്ളവർ ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കൾ എഐ നിർമിത ഉള്ളടക്കങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കുകയാണ്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫ്രാൻസിനെ ഉപയോഗപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസ് എത്രയും വേഗം അതിർത്തികൾ അടയ്ക്കണമെന്നും, ഉടൻ തന്നെ പാരീസ് ഒരു മുസ്ലീം നഗരമായി മാറുമെന്നുമായിരുന്നു ഡൊണാൾഡ് ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട
സൗകര്യങ്ങളും കൂടുതൽ അധ്യാപകരെയും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭങ്ങളാണ് പിന്നീട് രാജ്യത്ത് വലിയ ജനകീയ സമരമായി മാറിയത്. ജീവിതച്ചെലവ് വർധിച്ചതും രൂക്ഷമായ വിലക്കയറ്റവും ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
ഇതിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളെയാണ് ചിലർ രാഷ്ട്രീയ താത്പര്യങ്ങൾക്കായി വളച്ചൊടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

