കിഴക്കൻ മലനിരകളിൽ നിന്നു പെയ്യുന്ന മഴവെള്ളവും പാറക്കെട്ടുകളിൽ തങ്ങിനിൽക്കുന്ന ജലവും ഒന്നിച്ചു ചേർന്ന് കുത്തിയൊഴുകിയെത്തുന്ന പ്രതിഭാസമാണ് കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക്. കുട്ടനാടിന്റെ ഭൂപ്രകൃതിയിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് തോട്ടപ്പള്ളി വഴി കടലിൽ ചേരുന്ന ഈ ജലപ്രവാഹം പ്രദേശത്തിന്റെ പാരിസ്ഥിതിക ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.
അച്ചൻകോവിൽ, പമ്പ, മണിമല എന്നീ നദികളാണ് കിഴക്കൻ വെള്ളം കുട്ടനാട്ടിലേക്കും അപ്പർ കുട്ടനാട്ടിലേക്കും എത്തിക്കുന്ന പ്രധാന ജലപാതകൾ. പമ്പയും അച്ചൻകോവിലും വീയപുരത്തു വെച്ചു സംഗമിക്കുകയും, തുടർന്ന് ലീഡിങ് ചാനൽ വഴി തോട്ടപ്പള്ളി സ്പിൽവേയിലേക്ക് പതിക്കുകയും ചെയ്യുന്നു.
അതേസമയം, മണിമലയാറ്റിലെ ജലം കിടങ്ങറയിൽ എത്തി രണ്ടായി പിരിഞ്ഞ് രാമങ്കരി, മങ്കൊമ്പ് വഴിയും മറ്റൊന്ന് കാവാലം വഴിയുമാണ് വേമ്പനാട്ടു കായലിൽ എത്തിച്ചേരുന്നത്. ഭൂപ്രകൃതിയിലെ ഉയർന്ന ചെരിവുകാരണം മലനിരകളിൽ പെയ്യുന്ന വെള്ളം വളരെ വേഗത്തിലാണ് കുട്ടനാട്ടിൽ എത്തിച്ചേരുന്നത്.
ചില സന്ദർഭങ്ങളിൽ വെറും ഒൻപത് മണിക്കൂർ കൊണ്ട് വെള്ളം കുട്ടനാട്ടിൽ എത്തിയതായി വിവിധ നദികളിലെ ഒഴുക്കും ജലനിരപ്പിലെ വ്യതിയാനങ്ങളും നിരീക്ഷിച്ചുകൊണ്ട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അതിവേഗത്തിൽ വെള്ളം കുത്തിയൊഴുകിയെത്തുമ്പോൾ മങ്കൊമ്പിൽ ഉൾപ്പെടെ വെള്ളപ്പൊക്കത്തിനും മടവീഴ്ചയ്ക്കും കാരണമാകാറുണ്ട്.
അതിതീവ്രമായ മഴ ഉണ്ടാകുമ്പോഴാണ് കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുതൽ ശക്തമാകുന്നത്. എക്കലും ചെളിയും കലങ്ങിമറിഞ്ഞെത്തുന്ന ഈ ജലത്തിന്റെ വരവിലൂടെയാണ് കിഴക്കൻ വെള്ളം എത്തിയെന്ന് കുട്ടനാട്ടുകാർ തിരിച്ചറിയുന്നത്.
മലകളിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ സാധാരണ വെള്ളത്തേക്കാൾ കൂടുതൽ തണുപ്പ് ഇതിനുണ്ടായിരിക്കും. പണ്ടുകാലത്ത് കിഴക്കൻ വെള്ളം കൊണ്ടുവരുന്ന എക്കലും മറ്റും സുഗമമായി കടലിലേക്ക് ഒഴുകിപ്പോയിരുന്നുവെങ്കിലും, സമീപകാലത്തായി ഇതിന് വ്യത്യാസം വന്നിട്ടുണ്ട്.
കായലിൽ എക്കൽ അടിഞ്ഞുകൂടുകയും തെളിഞ്ഞ വെള്ളം മാത്രം കടലിലേക്ക് ഒഴുകുകയും ചെയ്യുന്നതാണ് കടലിലെ ചാകരകളുടെ ലഭ്യത കുറയാൻ കാരണമെന്ന് കരുതപ്പെടുന്നു. ജില്ലയിലേക്ക് ഒഴുകിയെത്തുന്ന മുഴുവൻ കിഴക്കൻ വെള്ളത്തെയും ഉൾക്കൊള്ളാനുള്ള ശേഷി നിലവിൽ വേമ്പനാട്ടു കായലിന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
ജലത്തെ സുരക്ഷിതമായി കടലിലേക്ക് കടത്തിവിടുക എന്നത് മാത്രമാണ് കായലിന്റെ ഇപ്പോഴത്തെ പ്രധാന ധർമ്മം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

