കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ പരിശോധനയ്ക്കിടയാണ് പ്രതികൾ പിടിയിലായത്.
കാലടി മറ്റൂർ കല്ലുങ്ങൽ വീട്ടിൽ അലക്സ് (24), മറ്റൂർ ഐശ്വര്യ നഗർ കൈതാരത്ത് വീട്ടിൽ അമോസ് ബാബു (27), ആൻ്റോപുരം പടയത്ത് കുടി വീട്ടിൽ അമൽ (27), ആൻ്റോപുരം പാലൈക്കപ്പാടം വീട്ടിൽ ബിബിൻ (30), ആൻ്റോപുരം പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഒക്കൽ സ്വദേശിയുടെ വിവാഹ റിസപ്ഷനെത്തിയ ഒരു യുവാവിനെ അന്വേഷിച്ചാണ് ഈ അക്രമി സംഘം വീട്ടിലെത്തിയത്.
തുടർന്ന് ആയുധങ്ങൾ കാണിച്ച് വീട്ടമ്മയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
പിടിയിലായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മറ്റ് കേസുകൾ നിലവിലുണ്ട്. അലക്സിന് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളും, അമോസിന് കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി നാല് കേസുകളുമുണ്ട്.
അമൽ, ബിബിൻ എന്നിവർക്കെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുകൾ വീതവുമുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ക്രിമിനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ ആരംഭിച്ചത്.
ഇതുവരെ മുപ്പതോളം കുറ്റവാളികൾക്കെതിരെയാണ് ഈ പദ്ധതിയിലൂടെ പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒമാരായ സിജോ പോൾ, ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

