ഫിലാഡൽഫിയയിൽ നടന്ന ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വേ താരങ്ങളുടെ അമിതമായ പരുക്കൻ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാം രംഗത്ത്. ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയെങ്കിലും, മത്സരത്തിലുടനീളം തങ്ങളുടെ നായകൻ കിലിയൻ എംബാപ്പെയ്ക്ക് നേരെ നടന്ന ആക്രമണങ്ങൾ ഫ്രഞ്ച് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു.
മത്സരശേഷം ദിദിയർ ദെഷാം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ അതൃപ്തി മറച്ചുവെച്ചില്ല. “പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്.
എന്റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നു.” എന്ന് അദ്ദേഹം പറഞ്ഞു. എംബാപ്പെയുടെ സുരക്ഷ മുൻനിർത്തി ടീമിലെ കരുത്തരായ രണ്ട് താരങ്ങളോട് അദ്ദേഹത്തിന് ചുറ്റും കാവൽ നിൽക്കാൻ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
“മത്സരന്റെ അവസാന നിമിഷങ്ങളിൽ ടീമിലെ ഏറ്റവും വലിപ്പമുള്ള രണ്ട് കളിക്കാരോട് കിലിയന്‍ ചുറ്റും പോയി നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടു. കാരണം പരാഗ്വേ താരങ്ങൾ അവനെ വെട്ടി വീഴ്ത്താൻ നോക്കുകയായിരുന്നു.
അവന് പരിക്കേൽക്കുമെന്ന് ഞാൻ അത്രയധികം ഭയന്നു,” ദെഷാം കൂട്ടിച്ചേർത്തു. റഫറിയുടെ തീരുമാനങ്ങളെയും ഫ്രഞ്ച് കോച്ച് പരോക്ഷമായി വിമർശിച്ചു.
കളിയിൽ വലിയ തോതിൽ അച്ചടക്കലംഘനങ്ങൾ നടന്നിട്ടും റഫറി ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെന്നും, ഫ്രഞ്ച് താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചതൊഴിച്ചാൽ പരാഗ്വേയുടെ പരുക്കൻ അടവുകൾ നിയന്ത്രിക്കുന്നതിൽ റഫറി പരാജയപ്പെട്ടുവെന്നും നിരീക്ഷകർ വിലയിരുത്തുന്നു. മത്സരത്തിന്റെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.
എന്നാൽ, കളിയിലുടനീളം തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പരാഗ്വേ ഗോൾകീപ്പർ ഒർലാന്‍ഡോ ഗില്‍ മത്സരശേഷം ഹസ്തദാനം ചെയ്യാൻ എത്തിയപ്പോൾ എംബാപ്പെ അത് നിരസിച്ചത് ശ്രദ്ധേയമായി. 100 മിനിറ്റിലധികം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവിൽ വിജയം വരിച്ച ഫ്രാൻസ്, ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ നേരിടാൻ തയ്യാറെടുക്കുകയാണ്.
ഇത്തരം കടുത്ത അനുഭവങ്ങൾ യുവതാരങ്ങളടങ്ങുന്ന ഫ്രഞ്ച് ടീമിന് വരും മത്സരങ്ങളിൽ കരുത്താകുമെന്ന പ്രതീക്ഷയിലാണ് ദിദിയർ ദെഷാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

