പത്തനംതിട്ട ജില്ലയിലെ സഹകരണ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചാണ് അടൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നത്.
ബാങ്കിൽ നടന്ന 75 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതിയംഗവുമായിരുന്ന ആർ.ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യ പൊൻതാമര പിള്ളയാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്.
ബാങ്ക് മുൻ പ്രസിഡന്റും പാർട്ടി അടൂർ ഏരിയ കമ്മിറ്റി അംഗവുമായ പി.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ക്രമക്കേടുകൾ നടന്നതെന്ന് പൊൻതാമര പിള്ള പരസ്യമായി ആരോപിച്ചു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടത്തിയ പരിശോധനകളിൽ ബാങ്കിൽ നിന്ന് അനധികൃതമായി വായ്പകൾ നൽകിയതായി കണ്ടെത്തിയിരുന്നു.
ഈ അഴിമതികൾക്ക് കൂട്ടുനിൽക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കങ്ങൾ നടന്നതായും അവർ ആരോപിച്ചു. ബാങ്കിലെ നിക്ഷേപങ്ങളിൽ നിന്നടക്കം 75 ലക്ഷം രൂപ കാണാതായതാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്.
ബാങ്ക് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ദേശസാൽകൃത ബാങ്കിലുണ്ടായിരുന്ന പണം പിൻവലിച്ച് ഇവിടെ നിക്ഷേപിച്ച കുടുംബനാഥയ്ക്ക് തുക തിരികെ ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. പണം ആവശ്യപ്പെട്ടപ്പോൾ പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായതായും പരാതി ഉയർന്നിരുന്നു.
ബാങ്കിന്റെ തകർച്ചയുടെ നാൾവഴികൾ 1928-ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന്റെ സാമ്പത്തിക നിലയിൽ അസ്ഥിരത പ്രകടമായതോടെ 2018 നവംബർ 9-ന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മൂലധനം (സിആർഎആർ) രണ്ടു കോടി രൂപ വേണ്ട
സ്ഥാനത്ത് 78.5 ലക്ഷം രൂപയിലേക്ക് താഴ്ന്നതാണ് തിരിച്ചടിയായത്. 2006 മുതൽ റിസർവ് ബാങ്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും തുടർന്നുവന്ന ഭരണസമിതികൾ ഇത് ഗൗരവമായി കണ്ടില്ല.
തുടർന്ന്, 2023 ഏപ്രിൽ 24-ന് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ആർബിഐ റദ്ദു ചെയ്തു. ഇതിനെത്തുടർന്ന് നിലവിൽ അർബൻ സഹകരണ സംഘമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
നിലവിലെ ഭരണസമിതിക്കുള്ളിലെ ഉൾപ്പോര് ബാങ്കിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്. ബോർഡ് യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ സംഘം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും പാടുപെടുന്ന നിലയിൽ പ്രവർത്തനം മന്ദഗതിയിലായതോടെ, നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

