ഊട്ടി– മൈസൂരു ദേശീയ പാതയിൽ കാട്ടാനകളുടെ സാന്നിധ്യം തുടർച്ചയായി വർധിക്കുന്നത് യാത്രികരിൽ വലിയ ആശങ്ക ഉയർത്തുന്നു. ബന്ദിപ്പൂർ വനമേഖലയോട് ചേർന്നുള്ള പാതയിൽ ഭക്ഷണാവശ്യത്തിനായി കാട്ടാനകൾ ലോറികളെ പിന്തുടരുന്ന സംഭവങ്ങൾ പതിവാകുകയാണ്.
പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് കാട്ടാനകൾ എത്തുന്നത്. വാഹനങ്ങളുടെ ടാർപോളിൻ കീറി സാധനങ്ങൾ തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
കാട്ടാനകൾ വാഹനങ്ങൾക്ക് പിന്നാലെ അതിവേഗം ഓടിയെത്തുന്ന സാഹചര്യം വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് പലപ്പോഴും വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
വൈകുന്നേരങ്ങളിൽ ദേശീയപാതയിലെ തിരക്ക് മുതലെടുത്താണ് കാട്ടാനകൾ റോഡിലിറങ്ങുന്നത്. ഈ സമയങ്ങളിൽ വാഹനങ്ങൾ സാവധാനത്തിൽ മാത്രമാണ് സഞ്ചരിക്കാൻ സാധിക്കുന്നത്.
ഇതിനിടയിൽ കാട്ടാനയെ കാണാനായി ചിലർ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഒരു പ്രത്യേക കൊമ്പൻ ആന സ്ഥിരമായി സന്ധ്യാസമയങ്ങളിൽ റോഡിൽ നിലയുറപ്പിക്കുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.
വനത്തിലെ സ്വാഭാവിക ഭക്ഷ്യലഭ്യതയിലുണ്ടായ കുറവാണ് ആനകൾ റോഡിലിറങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, കർണാടക വനം വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

