പത്തനംതിട്ട ജില്ലയിലെ പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റാന്നി മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് റാന്നി പൊലീസ് നൽകിയിരിക്കുന്ന ഔദ്യോഗിക നിർദേശം.
റാന്നിയിൽ വീണ്ടും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റാന്നി ടൗൺ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
ഇത് വ്യാപാരികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. തുടർന്ന് ഞായറാഴ്ചയോടെയാണ് പല മേഖലകളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്.
ഇതിനിടയിൽ, പത്തനംതിട്ടയിലെ മലയോര മേഖലകളിൽ ഞായറാഴ്ച രാത്രിയോടെ പ്രത്യേക ജാഗ്രതാ അനൗൺസ്മെന്റുകൾ നടത്തിയിരുന്നു. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തോട് ചേർന്ന് താമസിക്കുന്നവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലത്തേക്ക് പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും പൊലീസിന്റെ നേതൃത്വത്തിൽ തീർത്ഥാടകരുടെ വാഹനങ്ങൾ കർശനമായി നിയന്ത്രിച്ചുവരികയാണ്.
തിങ്കളാഴ്ച രാവിലെത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി നട
തുറന്നിരിക്കുന്ന സമയമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

