കോഴിക്കോട്: മൂന്ന് മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ അപേക്ഷയിൽ നിർണ്ണായകമായ ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം.
തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് ഈ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 14-ന് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നേരിട്ട് ഹാജരാകാൻ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) അമ്മയ്ക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ മാസം ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ ഓഫിസർ (DCPO), സിഡബ്ല്യുസി അധികൃതർ എന്നിവർക്ക് മുൻപാകെയാണ് കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന അപേക്ഷ അമ്മ സമർപ്പിച്ചത്. തുടർന്ന് ഡിസിപിഒ തയ്യാറാക്കിയ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയെ തിരിച്ചറിയാനുള്ള നടപടികൾക്കായി വെള്ളയിൽ പോലീസിനോട് സിഡബ്ല്യുസി നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം, അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന റിപ്പോർട്ട് വെള്ളയിൽ പോലീസ് സിഡബ്ല്യുസിക്ക് കൈമാറി.
കഴിഞ്ഞ മാർച്ച് 12-നാണ് ആരവ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. തിരിച്ചറിയൽ രേഖകളുമായി ഡിഎൻഎ പരിശോധനയ്ക്ക് എത്തണമെന്നാണ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ നിർദ്ദേശം.
പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കുഞ്ഞിനെ സംരക്ഷിക്കുന്ന സെന്റ് ജോസഫ് ഫൗണ്ടിങ് സ്ഥാപനത്തിലെ സൂപ്രണ്ടിനും, ജില്ലാ ശിശു സംരക്ഷണ ഓഫിസർക്കും വെള്ളയിൽ പോലീസിനും നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

