മൂന്നാർ ടൗണിലും സമീപ പ്രദേശങ്ങളിലും ലഹരിവസ്തുക്കൾക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുമ്പോഴും, നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകമായി നടക്കുന്നതായി പരാതി. ഇതരസംസ്ഥാന തൊഴിലാളികളും ടാക്സി ജീവനക്കാരും ചില ഉദ്യോഗസ്ഥരുമാണ് ഈ ലഹരിവസ്തുക്കളുടെ പ്രധാന ഉപഭോക്താക്കൾ എന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
ടൗൺ, പെരിയവര കവല, പെരിയവര പാലം തുടങ്ങിയ മേഖലകളിലെ ചില പ്രത്യേക വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം ഉൽപന്നങ്ങളുടെ രഹസ്യ കച്ചവടം പുരോഗമിക്കുന്നത്. 20 രൂപയിൽ താഴെ മാത്രം വിലവരുന്ന ഒരു പാക്കറ്റ് പുകയില ഉൽപന്നങ്ങൾക്ക് 80 രൂപ മുതൽ 120 രൂപ വരെയാണ് ഈ കടകളിൽ ഈടാക്കുന്നത്.
ഈ വ്യാപാരത്തിന് ചില കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കർശന നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
പോലീസും എക്സൈസ് വിഭാഗവും ഇത്തരം സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ പരിശോധനകൾ നടത്താറുണ്ടെങ്കിലും, റെയ്ഡ് വിവരങ്ങൾ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് തന്നെ കച്ചവടക്കാരുടെ പക്കൽ എത്താറുണ്ട്. ഇതോടെ ഉൽപന്നങ്ങൾ ഉടൻതന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇവർക്ക് സാധിക്കുന്നു.
ഫലത്തിൽ, പരിശോധനയിൽ യാതൊന്നും കണ്ടെത്താനാകാതെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഉദ്യോഗസ്ഥർ മടങ്ങിയാലുടൻ തന്നെ കച്ചവടം വീണ്ടും പഴയതുപോലെ സജീവമാകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

