കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച് ഉത്തരവായി. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻ്റ് യു.
പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആറംഗ സംഘം രൂപീകരിച്ചിരിക്കുന്നത്.
റെയിൽവേ ഇൻസ്പെക്ടർ ജി. എസ്.
സജിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. സംഘത്തിൽ മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും ഉൾപ്പെട്ടിട്ടുണ്ട്.
നിയുക്ത അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഉടൻ തന്നെ ചേരുമെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി 25 നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
തുടർന്ന്, മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, പിന്നീട് ഈ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിന്റെ തുടർനടപടികളുടെ ഭാഗമായി മന്ത്രിയുടെയും ഗൺമാന്റെയും മൊഴികൾ പുതിയ അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. അതേസമയം, കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഉയർന്ന തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കെഎസ്യു രംഗത്തെത്തിയിരുന്നു.
ഈ ആരോപണത്തെക്കുറിച്ചും പുതിയ പ്രത്യേക സംഘം സമഗ്രമായ അന്വേഷണം നടത്തുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

