കലാസാഹിത്യങ്ങളുടെയും സമകാലിക ജീവിതത്തിന്റെയും നേർക്കാഴ്ചകളൊരുക്കുന്ന സാംസ്കാരികോത്സവത്തിന്റെ മൂന്നാം പതിപ്പിന് കൊച്ചി വേദിയാകുന്നു. ഡിസംബർ 3 മുതൽ ഡിസംബർ 6 വരെ എറണാകുളം സുഭാഷ് പാർക്കിലാണ് നാല് ദിവസത്തെ മേള അരങ്ങേറുന്നത്.
2024-ൽ കോഴിക്കോട് തുടക്കം കുറിച്ച മേളയുടെ രണ്ടാം പതിപ്പും സുഭാഷ് പാർക്കിൽ തന്നെയാണ് നടന്നിരുന്നത്. ‘ജീവിതം തൊട്ട് – അടുത്ത്’ എന്നതാണ് ഈ വർഷത്തെ മേളയുടെ മുഖ്യ പ്രമേയം.
ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കും സങ്കീർണ്ണതകൾക്കുമിടയിൽ പരസ്പരം ചേർന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങൾ, ചർച്ചകൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തികൾക്കൊപ്പം അന്തർദേശീയ തലത്തിലുള്ള പ്രതിഭകളും ഇത്തവണത്തെ മേളയിൽ സജീവ സാന്നിധ്യമാകും. മേളയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചിയിൽ നടന്നു.
സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ജയരാജ്, ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മേയർ വി.കെ.മിനിമോൾ, എംഎൽഎമാരായ ടി.ജെ.വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ദീപക് ജോയ്, എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം മേയറാണ് നിർവഹിച്ചത്.
ആധുനിക സാങ്കേതികവിദ്യയുടെയും തിരക്കുകളുടെയും ലോകത്ത് ജീവിക്കുമ്പോൾ നാം സ്വന്തം ചുറ്റുപാടുകളെ മറന്നുപോവുകയാണെന്നും, അതിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് മേളയുടെ പ്രമേയമെന്നും എൻ.എസ്.മാധവൻ വ്യക്തമാക്കി. പുതിയ തലമുറയുടെ ശബ്ദം ശക്തമായി മുഴങ്ങാനുള്ള വേദിയായി സാംസ്കാരികോത്സവം മാറണമെന്ന് സി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും അശാന്തി പടരുന്ന ഈ കാലഘട്ടത്തിൽ കലയ്ക്കും സാഹിത്യത്തിനും വലിയ തോതിൽ സമാശ്വാസം നൽകാൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ജയരാജ് കൂട്ടിച്ചേർത്തു. ചടങ്ങിൽ മറ്റ് പ്രമുഖരും സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

