കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് നാളെ അതായത് (05-08-2026) അവധി ബാധകമാക്കിയിട്ടുള്ളത്.
എന്നാൽ കണ്ണൂർ ജില്ലയിൽ പ്രൊഫഷണല് കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. മഴ ശക്തമായി തുടരുന്ന കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്.
ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ തന്നെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവ് പുറപ്പെടുവിച്ചു.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല. കാസർകോട് ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ: ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
രാത്രികാലങ്ങളിലെ മലയോര യാത്രകളും വിനോദസഞ്ചാരങ്ങളും കർശനമായി ഒഴിവാക്കേണ്ടതാണ്. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.
ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലും പുഴയോരങ്ങളിലും നിന്ന് സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും അപകടകരമാണ്.
പൊട്ടിവീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ യാതൊരു കാരണവശാലും തൊടരുത്. ഇക്കാര്യം ഉടൻ തന്നെ കെഎസ്ഇബിയെയോ ദുരന്ത നിവാരണ അതോറിറ്റിയെയോ അറിയിക്കേണ്ടതാണ്.
ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ ജനലുകളിൽ നിന്നും ടെറസുകളിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കുക. വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്തു സൂക്ഷിക്കുക.
അപകടാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. റോഡുകളിൽ വെള്ളക്കെട്ടും തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ വേഗത കുറച്ച് ജാഗ്രത പാലിക്കുക.
വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ താഴ്ന്ന പാലങ്ങളിലൂടെയോ വാഹനങ്ങൾ ഓടിച്ചു പോകാൻ ശ്രമിക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

