രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി സിപിഎം. ബിക്കാനർ ജില്ലയിലെ നോഖ നഗരസഭയാണ് പാർട്ടി ചരിത്രത്തിലാദ്യമായി പിടിച്ചെടുത്തത്.
ആകെയുള്ള 45 സീറ്റുകളിൽ 29 എണ്ണത്തിലും വിജയം ഉറപ്പിച്ചാണ് സിപിഎം കേവലഭൂരിപക്ഷം നേടിയത്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 13 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥികൾ 3 ഇടത്ത് വിജയിച്ചു. എന്നാൽ ഈ മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ബിജെപി ഭരണത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് നോഖയിലെ വിജയത്തിന് കാരണമെന്ന് രാജസ്ഥാൻ സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങൾ മുൻനിർത്തി നടത്തിയ പ്രചാരണങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും, സിപിഎം ശക്തമായ ബദലാണെന്ന് പൊതുജനം വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, മറ്റൊരു തിരഞ്ഞെടുപ്പ് ഫലത്തിൽ ബാരൻ മുൻസിപ്പാലിറ്റിയിൽ ആം ആദ്മി പാർട്ടിയും (എഎപി) മികച്ച വിജയം കരസ്ഥമാക്കി. ആകെയുള്ള 60 സീറ്റുകളിൽ 31 എണ്ണത്തിലും വിജയിച്ചാണ് എഎപി ഭരണം പിടിച്ചത്.
18 സീറ്റുകളിൽ വിജയം കണ്ട കോൺഗ്രസ് ഇവിടെ രണ്ടാം സ്ഥാനത്തെത്തി.
ബിജെപിക്ക് 9 സീറ്റുകളും സ്വതന്ത്രർക്ക് 2 സീറ്റുകളുമാണ് ലഭിച്ചത്. രാജസ്ഥാൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം അവകാശപ്പെടാനില്ലാത്ത എഎപിയെ സംബന്ധിച്ചിടത്തോളം ഈ വിജയം അതീവ നിർണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

