ചൈനയിലെ ഷാങ്ഹായിൽ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നു. ഒരു ബ്യൂട്ടി സലൂണിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് 75 കാരിയായ വയോധികയ്ക്ക് നഷ്ടമായത് ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച ഏകദേശം 3.6 കോടി ഇന്ത്യൻ രൂപയാണ്.
വയോധികയുടെ മകൾ മാധ്യമങ്ങളെ സമീപിച്ചതോടെയാണ് നടുക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. 2016 മുതൽ ‘യോങ്ഖി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസ്സിംഗ് കമ്പനി’യുടെ വിവിധ ശാഖകളിലും അനുബന്ധ മെഡിക്കൽ ബ്യൂട്ടി സ്ഥാപനത്തിലുമാണ് യു എന്ന് വിളിക്കപ്പെടുന്ന വയോധിക തന്റെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തിയത്.
ചർമ്മത്തിന്റെ യുവത്വം നിലനിർത്താനുള്ള ചികിത്സകൾ, ത്രെഡ് ലിഫ്റ്റിംഗ്, മെറിഡിയൻ മസാജ്, പുരികത്തിലും ചുണ്ടിലും ടാറ്റൂ ചെയ്യൽ തുടങ്ങിയ വിവിധ സൗന്ദര്യവർദ്ധക സേവനങ്ങളാണ് താൻ നേടിയതെന്ന് വയോധിക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിപണിയിൽ നിലവിലുള്ള നിരക്കിനേക്കാൾ 10 മുതൽ 20 മടങ്ങ് ഉയർന്ന തുകയാണ് സ്ഥാപനം ഇവരിൽ നിന്നും ഈടാക്കിയിരുന്നത്.
സാധാരണയായി ഒരു തവണ മാത്രം ചെയ്യേണ്ട ലിപ് ടാറ്റൂയിംഗ് പ്രക്രിയ വീണ്ടും വീണ്ടും ചെയ്യാൻ ഇവർ വയോധികയെ നിർബന്ധിച്ചു.
ഒരു സെഷന് മാത്രം ഏകദേശം 4.8 ലക്ഷം രൂപ വരെ ഈടാക്കിയതായി ബില്ലുകളിൽ വ്യക്തമാണ്. സ്വന്തമായി വീട് വിറ്റ തുക കയ്യിലുണ്ടായിരുന്നതിനാൽ വലിയ തുക ചെലവാകുന്നത് വയോധികയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
മകൾ വിവരങ്ങൾ അറിയുമ്പോഴേക്കും വാടക നൽകാൻ പോലും പണമില്ലാതെ സ്വർണാഭരണങ്ങൾ വിൽക്കേണ്ട ഗതികേടിലായിരുന്നു ഇവർ.
ഇതിനിടയിൽ സലൂൺ ജീവനക്കാർ മറ്റൊരു സ്ഥാപനമായ ‘റൂയി’ മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഇവരെ മാറ്റി. ‘ഇന്റിമേറ്റ് കെയർ’ എന്ന പേരിൽ അവിടെ നിന്നും ഏകദേശം 36 ലക്ഷം രൂപ കൂടി തട്ടിയെടുത്തു.
എന്നാൽ വാഗ്ദാനം ചെയ്ത ചികിത്സ നൽകാതെ സാധാരണ ചർമ്മസംരക്ഷണ ചികിത്സകൾ നൽകി സ്ഥാപനം വയോധികയെ കബളിപ്പിക്കുകയായിരുന്നു. അതേസമയം, നിരക്കുകൾ വയോധികയെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നുവെന്നും അവരുടെ പൂർണ്ണ സമ്മതത്തോടെയാണ് പണം കൈപ്പറ്റിയതെന്നുമാണ് സലൂൺ അധികൃതരുടെ വാദം.
ഒടുവിൽ വിവാദമായതിനെ തുടർന്ന് അഡ്വാൻസ് തുകയുടെ ഒരു ചെറിയ ഭാഗം മാത്രം തിരികെ നൽകി സ്ഥാപനം വിഷയം ഒത്തുതീർപ്പാക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

