ജില്ലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വൈദ്യുതി, കുടിവെള്ള വിതരണം തടസ്സപ്പെട്ട പ്രദേശങ്ങളിൽ സേവനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കർശന നിർദ്ദേശം നൽകി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. അപകടാവസ്ഥ നിലനിൽക്കാത്ത മേഖലകളിൽ പരമാവധി വേഗത്തിൽ വൈദ്യുതി ബന്ധം സ്ഥാപിക്കണം.
തകരാറുകൾ സംഭവിച്ച പമ്പുകൾ ഉടൻ നന്നാക്കി കുടിവെള്ള വിതരണം സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തികരമായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും, ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പരാതികൾ അപ്പപ്പോൾ തന്നെ പരിഹരിക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും സ്പീക്കർ വിലയിരുത്തി. ദുരിതാശ്വാസ ക്യാംപുകളിൽ ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പുവരുത്തണം.
ജലവിതരണം മുടങ്ങിയതായി പരാതി ലഭിച്ചാൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തേണ്ടതാണ്. ക്യാംപുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം.
വെള്ളം വാർന്നുപോയ ഉടൻ തന്നെ റോഡുകൾക്കുണ്ടായ തകർച്ചകൾ പരിശോധിച്ച് കണക്കെടുപ്പ് പൂർത്തിയാക്കണം. ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ മുൻകൂട്ടി സ്വീകരിക്കേണ്ടതാണ്.
റേഷൻ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഉറപ്പുവരുത്തണം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ഭാഗത്തുനിന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ജാഗ്രത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ജില്ലയിൽ ഓഗസ്റ്റ് 4ന് റെഡ് അലർട്ടും വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ചേതൻ കുമാർ മീണ അറിയിച്ചു. രാത്രികാല യാത്രകൾ അപകടകരമായതിനാൽ അവ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
പൂഞ്ഞാർ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭാ ചെയർമാൻ എം.പി.സന്തോഷ്കുമാർ, ജില്ലാ പൊലീസ് മേധാവി സാബു മാത്യൂ, അഡിഷനൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

