ഡിജിറ്റൽ പേയ്മെന്റ് സേവനമായ ഗൂഗിൾ വാലറ്റിൽ സുപ്രധാന ഡിസൈൻ മാറ്റങ്ങൾ വരുന്നു. നിലവിലുള്ള കൗസൽ ഡിസൈൻ രീതി ഒഴിവാക്കി ആപ്പിൾ, സാംസങ് വാലറ്റുകൾക്ക് സമാനമായ രീതിയിൽ കാർഡുകൾ ലംബമായി (Vertical Stack) ക്രമീകരിക്കുന്ന പുതിയ ലേഔട്ടാണ് അവതരിപ്പിക്കുന്നത്.
അമേരിക്കയ്ക്ക് പുറത്തുള്ള ചില ഉപയോക്താക്കൾക്കാണ് ഈ പുതിയ രൂപമാറ്റം ലഭ്യമായി തുടങ്ങിയത്. എക്സ് (X) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഉപയോക്താക്കൾ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പഴയ കൗസൽ ഡിസൈൻ രീതി ഉപയോക്താക്കൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഒരു പ്രത്യേക കാർഡ് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നായിരുന്നു പ്രധാന പരാതി.
എന്നാൽ പുതിയ വെർട്ടിക്കൽ സ്റ്റാക്ക് ഡിസൈൻ എത്തുമ്പോൾ പേയ്മെന്റ് കാർഡുകൾ, പാസുകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ ഒറ്റക്കൈകൊണ്ട് തെരഞ്ഞെടുക്കാനും സ്ക്രോൾ ചെയ്യാനും ഏറെ എളുപ്പമാകും. ഈ വർഷം ഏപ്രിലിൽ വലിയ തോതിലുള്ള നവീകരണങ്ങൾ നടത്തിയിരുന്നെങ്കിലും വെർട്ടിക്കൽ സ്റ്റാക്ക് ഉൾപ്പെടുത്താത്തത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനിടയിൽ, ഗൂഗിൾ വാലറ്റ് വീണ്ടും ആപ്പിൾ ഡിവൈസുകളിലേക്ക് മടങ്ങിവരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ക്വിക്ക് ഷെയർ എക്സ്റ്റൻഷൻ, ഗൂഗിൾ പ്ലേ സർവീസസ് തുടങ്ങിയ ആപ്പുകളിൽ നടത്തിയ എപികെ പരിശോധനയിൽ ‘ഗൂഗിൾ വാലറ്റ്’, ‘ഐഒഎസ്’ എന്നീ വാക്കുകൾ ഉൾപ്പെടുന്ന അഞ്ച് സ്ട്രിംഗുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2013-ൽ ആപ്പിൾ ഡിവൈസുകളിൽ ലഭ്യമായിരുന്ന ഈ സേവനം പിന്നീട് പല ഘട്ടങ്ങളിലെ മാറ്റങ്ങൾക്ക് ശേഷം 2024-ഓടെ ആപ്പിൾ ഡിവൈസുകളിൽ പൂർണ്ണമായും നിശ്ചലമായിരുന്നു. പുതിയ മാറ്റങ്ങൾ ഔദ്യോഗികമായി എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

